Latest News
കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ കുളത്തിൽ മുങ്ങി മരിച്ചു
കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മണ്ണാർക്കാട് ഭീമനാട് കോട്ടോപ്പാടത്ത് മുങ്ങി മരിച്ചു. ഭീമനാട് പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവർക്കാണ് ദുരന്തം. നാഷിദ(26), റംഷീന (23), റിൻഷി(18) എന്നിവരാണ് മരണപ്പെട്ടത്. ഒരാൾ വെള്ളത്തിൽ താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങുമ്പോഴാണ് മറ്റു രണ്ടു പേർ അപകടത്തിൽ പെടുന്നത്.
വിവാഹിതരായ നാഷിദയും റംഷീനയും ഓണാവധിക്ക് വീട്ടിൽ വിരുന്നിനായി എത്തിയതായിരുന്നു. റിൻഷി നഴ്സിങ് വിദ്യാർത്ഥിനിയാണ്. സമീപത്തെ പറമ്പിൽ പണിയെടുക്കുന്ന അതിഥി തൊഴിലാളാണ് സംഭവം ആദ്യം കണ്ടത്. ഇവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയാണ് മൂന്ന് പേരെയും പുറത്തെടുക്കുന്നത്. ആശുപത്രിയിലെത്തിക്കുമ്പോൾ മൂന്നുപേരുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം ഉണ്ടാവുന്നത്. പിതാവ് നോക്കി നിൽക്കേയാണ് മൂന്ന് പെൺകുട്ടികളും വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. പിതാവ് തുണി അലക്കുന്നതിനിടെയായിരുന്നു അപകടം നടക്കുന്നത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.