Latest News

ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1

Published

on

ഇന്ത്യയുടെ ആദ്യ സൗര്യ ദൗത്യമായ ആദിത്യ എൽ1 അതിന്റെ സ്ഥാനമായ ലഗ്രാഞ്ച് പോയിന്റ് 1ലേക്ക് കുതിക്കുന്നു. പേടകം ചൊവ്വാഴ്ച പുലർച്ചെ ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ നിന്നും വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. പുലർച്ചെ 2 മണിക്കാണ് ഒന്നാം ലഗ്രാഞ്ച് ബിന്ദുവിലേക്കുള്ള യാത്രക്ക് തുടക്കം, ഐഎസ്ആർഒ അറിയിച്ചു.

ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സൺ-എർത്ത് ലഗ്രാഞ്ച് പോയിന്റ് 1 (L1) യിലേക്കുള്ള 110 ദിവസത്തെ യാത്രക്കാണ് ആദിത്യ എൽ1 തുടക്കമിടുന്നത്. ക്രൂയ്‌സ് ഫേസ് എന്നാണ് ഈ ഘട്ടത്തെ അറിയപ്പെടുക. ഭൂമിയെ ചുറ്റിപ്പറ്റിയുള്ള നാല് ഭ്രമണപഥം ഉയർത്തൽ പ്രക്രിയ പേടകം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

മൗറീഷ്യസ്, ബംഗളൂരു, എസ്ഡിഎസ്സി-ഷാർ, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലെ ഐഎസ്ആർഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളിൽ നിന്നാണ് ഇത് സംബന്ധിച്ച നിരീക്ഷണങ്ങൾ നടക്കുന്നത്. സെപ്റ്റംബർ രണ്ടാം തീയതി 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് ആദിത്യ എൽ1 വിക്ഷേപിക്കുന്നത്. 125 ദിവസംകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച പിറകെ ‘ആദിത്യ’ ലക്ഷ്യസ്ഥാനത്തേക്ക് എത്തും.

സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ എന്നിവയുൾപ്പെടെയുള്ള വിവിധ വശങ്ങൾ നിരീക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ഏഴ് പേലോഡുകൾ ആണ് പേടകത്തിലുള്ളത്. ഭൂമിയിൽ നിന്ന് സൂര്യന്റെ ദിശയിൽ ലാഗ്രാഞ്ച് പോയിന്റ് 1 ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ് പേടകം സ്ഥാപിക്കുന്നത്. ഈ സ്ഥാനം, ഗ്രഹണങ്ങളിൽ നിന്നൊക്കെ തടസ്സമില്ലാതെ തുടർച്ചയായി സൂര്യനെ നിരീക്ഷിക്കാൻ ആദിത്യ എൽ1നെ സഹായിക്കും.

ആദിത്യ-എൽ1 ഇന്ത്യയുടെ ബഹിരാകാശ ശ്രമങ്ങളിലെ സുപ്രധാനമായ ഒരു ചുവടുവയ്പ്പായിട്ടാണ് ലോകം നോക്കി കാണുന്നത്. ഇത് രാജ്യത്തിന്റെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത സൗരദൗത്യത്തെ അടയാളപ്പെടുത്തുന്നതിനൊപ്പം സൂര്യനെക്കുറിച്ചുള്ള നമ്മുടെ ധാരണയും ബഹിരാകാശ കാലാവസ്ഥയിൽ അതിന്റെ സ്വാധീനവും വർദ്ധിപ്പിക്കുന്ന നിർണായക വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version