Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.