Latest News
സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
കോട്ടയ്‌ക്കല്‍ . സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരിൽ കോട്ടയ്‌ക്കല്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാര്‍ വൃക്ക രോഗം കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരിമുതല്‍ ജൂണ്‍വരെ ചികിത്സതേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി എന്ന അപൂര്‍വ്വ വൃക്കരോഗം നെഫ്രോളജി വിഭാഗം ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
പതിനാലുകാരിയിലാണ് ആദ്യം രോഗം കണ്ടെത്തുന്നത്. കോട്ടയ്‌ക്കല്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാര്‍ അവരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ മുഖ കാന്തിയും സൗന്ദര്യത്തിനുമായി പരക്കം പായുന്നവരെ ആകെ ഞെട്ടിക്കുന്ന ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. രോഗം ആദ്യം കണ്ടെത്തിയ കുട്ടിയിൽ ഡോക്ടർമാർ മരുന്നുകള്‍ ഫലപ്രദമാകാതെ വന്നപ്പോള്‍, പതിവില്ലാത്ത എന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉപയോഗിച്ചതെന്നന്വേഷിക്കു കയായിരുന്നു. അങ്ങനെയാണ് കുട്ടി ഫെയര്‍നസ് ക്രീം ഉപയോഗിച്ചതായി മനസ്സിലാക്കുന്നത്. എന്നാല്‍ ഇതാണ് രോഗകാരണമെന്ന് ആദ്യം ഉറപ്പിക്കാൻ കഴിഞ്ഞില്ല.
കുട്ടിയുടെ ബന്ധുവായ കുട്ടികൂടി തുടർന്ന് സമാനരോഗാവസ്ഥയുമായി ചികിത്സ തേടിയെത്തുകയായിരുന്നു. ഇരുവര്‍ക്കും അപൂര്‍വമായ നെല്‍ 1 എം.എന്‍ പോസിറ്റിവായിരുന്നു. അന്വേഷണത്തില്‍ ഈ കുട്ടിയും ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതായി കണ്ടെത്തി. ഇതിനിടെ 29 വയസ്സുകാരനായ മറ്റൊരു യുവാവുകൂടി സമാനലക്ഷണവുമായി എത്തുകയും അന്വേഷണത്തില്‍ ഇതേ ഫെയര്‍നെസ് ക്രീം രണ്ട് മാസമായി യുവാവ് ഉപയോഗിച്ചതായി കണ്ടെത്തുകയും ചെയ്തു. ഇതോടെ സമാനലക്ഷണങ്ങളുമായി ചികിത്സ തേടിയ എല്ലാവരെയും ഡോക്ടർമാർ വിളിച്ചുവരുത്തി. അതിൽ എട്ടുപേര്‍ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചവരാണെന്ന് ഡോക്ടർമാർക്ക് മനസ്സിലാകാനായി. ഇതോടെ ഫെയര്‍നെസ് ക്രീം വിശദ പരിശോധനക്ക് വിധേയമാക്കിയെന്ന് ആസ്റ്റര്‍ മിംസിലെ സീനിയര്‍ നെഫ്രോളജിസ്റ്റുമാരായ ഡോ. സജീഷ് ശിവദാസും ഡോ. രഞ്ജിത്ത് നാരായണനും മാധ്യമങ്ങളോട് പറഞ്ഞു.
ഡോക്ടർമാർ നടത്തിയ പരിശോധനയില്‍ ക്രീമില്‍ മെര്‍ക്കുറിയുടേയും ഈയത്തിന്റെയും അളവ് അനുവദനീയമായതിനേക്കാള്‍ 100 മടങ്ങ് അധികമാണെന്ന് കണ്ടെത്തുകയായിരുന്നു. ഈ ക്രീമുകളില്‍ ചേര്‍ത്തവ സംബന്ധിച്ചോ നിര്‍മാണം സംബന്ധിച്ചോ ഒരു വിവരവുമുണ്ടായിരുന്നില്ലെന്ന ശ്രദ്ധേയമായ കാര്യവും ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് വ്യാജ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ പിടികൂടുവാന്‍ ഓപ്പറേഷന്‍ സൗന്ദര്യ എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോണ്‍ വകുപ്പ് നടപടികള്‍ നടത്തുന്നുണ്ടെങ്കിലും ഇതൊന്നും വേണ്ട ഫലപ്രാപ്തിയില്‍ എത്തുന്നില്ല. പൊതുജനങ്ങളില്‍ പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ സൗന്ദര്യ ചിന്ത വർധിച്ചു വരുകയാണ്. പരസ്യവാചകങ്ങളില്‍ ആകൃഷ്ടരായി ഓണ്‍ലൈന്‍ ഇടങ്ങളില്‍ നിന്നും സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഇപ്പോഴുള്ളത്. സെലിബ്രിറ്റികൾ അടക്കം സാമൂഹ്യമാധ്യങ്ങളിൽ പൊക്കി കാണിക്കുന്ന ഉൽപ്പങ്ങൾ വാങ്ങാനുമുള്ള വ്യഗ്രത വർധിക്കുകയാണ്.
വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന അനധികൃത വ്യാജ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ മുഖേന സുലഭയി വിൽക്കുകയാണ് ഇവിടെ. സൗന്ദര്യവര്‍ധക ഉത്പന്നങ്ങളില്‍ ഇറക്കുമതി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന് ഉറപ്പുവരുത്തണം എന്നതാണ് ഇക്കാര്യത്തിൽ രക്ഷക്കായുള്ള ഒരു മാർഗം. സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അതില്‍ ചേര്‍ത്തിരിക്കുന്ന ഘടകം ശ്രദ്ധിക്കുകയും വേണം. ആരോഗ്യത്തെ ബാധിക്കുന്നത് ഏതൊക്കെ ആണെന്ന തിരിച്ചറിവ് കൂടി ഇക്കാര്യത്തിൽ ഉണ്ടാവണം.
ഉദാഹരണമായി പറഞ്ഞാൽ, ലോഷനുകള്‍, സണ്‍സ്‌ക്രീന്‍, ഷാംപൂ തുടങ്ങിയ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളില്‍ വ്യാപകമായി പാരബെയ്‌ൻ ഉപയോഗിക്കുന്നു. ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്കും സ്താനാര്‍ബുധത്തെ വരെ ബാധിക്കുന്നതാണിത് എന്നതാണ് ഓർക്കേണ്ടത്. ഫ്താലേറ്റ്, ട്രൈക്ലോസന്‍, സോഡിയം ലോറൈല്‍ സള്‍ഫേറ്റ്, സോഡിയം ലോറെത്ത് സള്‍ഫേറ്റ്, താലേറ്റ്‌സ്, സള്‍ഫേറ്റുകള്‍ ഇതെല്ലാം കുറഞ്ഞ അളവില്‍ മാത്രമെ ഉപയോഗിക്കുന്നുള്ളുവെന്ന് പറയുന്നുണ്ടെങ്കിലും മിക്കതിലും മാനദണ്ഡപ്രകാരമുള്ള അളവിലല്ല ഇതൊന്നും ഉപയോഗിച്ച് വരുന്നത്. അതിനാല്‍ തന്നെ കഴിവതും ഈ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് കുറക്കുകയും പ്രകൃതിദത്ത പരമ്പരാഗത രീതി ഉപയോഗിക്കുന്നതായിരിക്കും മനുഷ്യനെന്ന നിലയിൽ നല്ലത്.