Latest News
മുകുന്ദന്‍ജി, ഓര്‍മ്മകള്‍ ഇരമ്പിയെത്തുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ ഡൽഹി . അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. ബുദ്ധികൂര്‍മ്മതയും ഊഷ്മളമായ പെരുമാറ്റവും കൊണ്ട് തന്നില്‍ സ്വാധീനമുണ്ടാക്കിയ വ്യക്തിയാണ് പി.പി. മുകുന്ദനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു. വര്‍ഷങ്ങളുടെ അടുപ്പമുണ്ട് മുകുന്ദന്‍ജിയുമായി. ഈ അവസരത്തില്‍ അക്കാലത്തെ ഓര്‍മ്മകള്‍ എന്നിലേക്ക് ഇരമ്പിയെത്തുന്നു, പ്രധാനമന്ത്രി കുറിച്ചു.
പി.പി. മുകുന്ദന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് അയച്ച കത്തിലാണ് പ്രധാനമന്ത്രി ആത്മബന്ധം സ്മരിക്കുന്ന വാക്കുകൾ കുറിച്ചിരിക്കുന്നത്. പി.പി. മുകുന്ദന്റെ സഹോദരന്‍ പി.പി. ചന്ദ്രന്റെ പേരിലാണ് പ്രധാനമന്ത്രിയുടെ കത്ത് എത്തിയത്. മുകുന്ദന്‍ജി ഇനി നമ്മുടെയിടയിലില്ല എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. സ്‌കൂള്‍കാലം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ സജീവമായ അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും സേവാനിരതമായിരുന്നു. രാഷ്‌ട്രീയമണ്ഡലത്തില്‍ ഏറെ ആദരിക്കപ്പെട്ട പേരാണ് അദ്ദേഹത്തിന്റേത്.
അടിയന്തരാവസ്ഥയുടെ നാളുകളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടി ജയില്‍വാസം അനുഭവിച്ച പി.പി. മുകുന്ദന്‍ പാര്‍ട്ടിയെ ഊര്‍ജ്ജ്വസ്വലമായി മുന്നോട്ടു നയിച്ചു. കേരളത്തില്‍ ബിജെപിയെ ശക്തമാക്കുന്നതില്‍ അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സംഘാടനമികവ് നിര്‍ണായകമായ പങ്ക് വഹിച്ചു. വെല്ലുവിളികളെ അതിജീവിക്കുന്നതില്‍ അദ്ദേഹത്തിന്റെ സാന്നിധ്യവും നയങ്ങളും പാര്‍ട്ടിയെ സഹായിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിനുണ്ടായ നഷ്ടം വാക്കുകള്‍ക്ക് അതീതമാണ്. നമ്മുടെ ഇടയില്‍ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ആദര്‍ശവും മൂല്യങ്ങളും കുടുംബത്തിന് കരുത്തുപകരുമെന്ന് പ്രധാനമന്ത്രി കുറിച്ചിരിക്കുന്നു.