Latest News
വിവാഹാഘോഷത്തിനിടെ തീപിടുത്തം, വധുവും വരനും അടക്കം 114 പേർ മരിച്ചു
ബാഗ്‍ദാദ് . ഇറാഖ് നഗരമായ ഹംദാനിയയിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ തീപിടിത്തത്തിൽ വധുവും വരനും അടക്കം 114 പേർ മരിച്ചു. 150 ഓളം പേർക്ക് അപകടത്തിൽ പരിക്കുണ്ട്. വിവാഹചടങ്ങിനോട് അനുബന്ധിച്ച് ഹാളിനുള്ളിൽ പടക്കം പൊട്ടിച്ചുവെന്നും ഇതിൽ നിന്നും തീപ്പൊരി ചിതറിത്തെറിച്ച് ദുരന്തത്തിൽ കലാശിച്ചു എന്നുമാണ് അധികൃതര്‍ പറയുന്നത്. അപകടത്തിൽ വധുവും വരനും കൊല്ലപ്പെട്ടതായി പ്രാദേശിയ മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാഖിലെ നിനേവ പ്രവിശ്യയിൽ വടക്കൻ ഇറാഖ് നഗരമായ ഹംദാനിയയിൽ ചൊവ്വാഴ്ച രാത്രി ആയിരുന്നു ദുരന്തം.
വിവാഹ ചടങ്ങ് നടന്ന ഹാളിലുണ്ടായിരുന്ന പ്രീഫാബ്രിക്കേറ്റഡ് പാനലുകളാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. പെട്ടെന്ന് തീ പിടിക്കുന്ന ഗുണനിലവാരമില്ലാത്ത വസ്തുക്കളാണ് അലങ്കാരത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്നത്. ചെലവ് കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചാണ് ഹാള്‍ നിര്‍മിച്ചതെന്ന ആരോപണം അപകടത്തിന് പിന്നാലെ ഉയർന്നിട്ടുണ്ട്.
തീപിടിത്തത്തിൽ ഹാളിലെ സീലിങ്ങിന്‍റെ ചില ഭാഗങ്ങൾ കൂടി ഇടിഞ്ഞു വീഴുകയായിരുന്നു. പരിക്കേറ്റവരെ നിനവേ മേഖലയിലുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി മേഖലാ ഗവർണർ ഇറാഖി വാർത്താ ഏജൻസിയായ ഐഎൻഎയോട് പറഞ്ഞിട്ടുണ്ട്. മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം ഇതുവരെ കണക്കാക്കിയിട്ടില്ല. മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുദാനി തീപിടിത്തത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.