Latest News
ഉറക്കമുണരാതെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യനുദിച്ച് നാലു ഭൗമ ദിനങ്ങൾ കഴിഞ്ഞിട്ടും ഉറക്കമുണരാതെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും. പേടകവുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഐഎസ്ആർഒ തുടരുകയാണ്. ‘നിലവിൽ സിഗ്‌നലുകളൊന്നും ലഭിച്ചിട്ടില്ല. ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരും’ ഇസ്രോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
ആഗസ്റ്റ് 23 ന് ചന്ദ്രന്റെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങിയ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ‘ശിവ് ശക്തി പോയിന്റിലാണുള്ളത്. ചന്ദ്രോപരിതലത്തിലെ അതിശൈത്യം കാരണം പേടകം നേരത്തെ സ്ലീപ്പ് മോഡിലേക്ക് കടന്നിരുന്നു. സെപ്തംബർ 22 ന് വൈകുന്നേരം രണ്ട് ബഹിരാകാശ പേടകങ്ങളും വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഇസ്രോ പദ്ധതിയിട്ടിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ശ്രമം സെപ്റ്റംബർ 23ലേക്ക് മാറ്റുകയാണ് ഉണ്ടായത്. താപനില ഉയരുന്നതോടെ റോവറിലെയും ലാൻഡറിലെയും ഉപകരണങ്ങൾ ചൂടുപിടിക്കും. ചിലപ്പോൾ 14ാം ദിനത്തിൽ ഉണരാനുള്ള സാധ്യതയുണ്ട് എന്നാണു ഇപ്പോഴുള്ള വിലയിരുത്തിൽ.
പ്രഗ്യാൻ റോവറും വിക്രം ലാൻഡറും ചന്ദ്രനിൽ നിന്നും വിലപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിച്ച് വരുകയായിരുന്നു. വിക്രം ലാൻഡറിന്റെ വിജയകരമായ ലാൻഡിംഗിനെ തുടർന്നാണ് പ്രഗ്യാൻ റോവർ ചന്ദ്രനിലേക്ക് ഇറങ്ങുന്നത്. ഇത് ചന്ദ്രനിൽ ഇരുമ്പ്, സൾഫർ, ഓക്‌സിജൻ മറ്റ് മൂലകങ്ങൾ തുടങ്ങിയവയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയുണ്ടായി. ഓഗസ്റ്റ് 23-നാണ് ചന്ദ്രയാൻ-3 ചന്ദ്രന്റെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങുന്നത്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നേടുന്ന നാലാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യം കൂടിയായി ഇന്ത്യ. 2023 ജൂലൈ 14-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്നാണ് ഇന്ത്യ ചന്ദ്രയാൻ-3 വിക്ഷേപിക്കുന്നത്.