Latest News
മൂന്നു പേർ ഒരു ബൈക്കിൽ, അപകടം രണ്ടു മരണം, ഒരാൾ അത്യാസന്ന നിലയിൽ
തിരുവല്ല . തിരുവല്ല കച്ചേരിപ്പടിയിൽ ബൈക്ക് മതിലിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ (25), തിരുവല്ല പുഷ്പഗിരി ആശുപത്രിക്കു സമീപം താമസിക്കുന്ന കിഴക്കേപ്പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് (24) എന്നിവരാണ് മരണപ്പെട്ടത്. മഞ്ഞാടി പുതുപ്പറമ്പിൽ അരുൺ (25) ഗുരുതര പരുക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം.
പുലർച്ചെ 3 മണിയോടെ അപകടത്തിൽപ്പെട്ട് യുവാക്കൾ ഗുരുതരാവസ്ഥയിൽ റോഡിൽ കിടക്കുന്നതുകണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. മൂന്നു പേർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതു സ്ഥിരീകരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരുന്നു. ഗുരുതരമായി പരുക്കേറ്റ അരുണിനെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുകയാണ്.