Latest News
ഇത് സ്ത്രീകളുടെ അമൃത കാലം, മോദിജി നൽകുന്ന സ്വാഭിമാനം – ഡോ.പി.ടി. ഉഷ എം പി
ന്യൂ ഡൽഹി . സ്ത്രീകളുടെ യഥാര്‍ത്ഥ അമൃതകാലമാണിതെന്ന് ഡോ.പി.ടി. ഉഷ എം പി. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കുന്ന സ്വാഭിമാനമാണിതെന്നും, രാജ്യസഭയില്‍ വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് സംസാരിക്കവെ ഡോ.പി.ടി. ഉഷ പറഞ്ഞു. സ്ത്രീകളെ യഥാര്‍ത്ഥ അമൃത കാലത്തിലേക്ക് എത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. രാഷ്‌ട്രപതി മുതല്‍ ഉള്‍ഗ്രാമങ്ങളില്‍ മണ്‍വീടുകളില്‍ താമസിക്കുന്ന സ്ത്രീകള്‍ വരെയുള്ളവരുടെ അഭിമാനം ഉയര്‍ത്തുന്ന മുഹൂര്‍ത്തമാണിതേന്നും പി ടി ഉഷ പറയുകയുണ്ടായി.
പവിത്ര കര്‍മ്മമാണ് ചെയ്യുന്നതെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ഭാരതത്തിലെ മുഴുവന്‍ സ്ത്രീ സമൂഹത്തിനും നീതി നല്കുന്ന ഒരു വിശിഷ്ട പുത്രനെ സമ്മാനിച്ച അമ്മ ഹീരാബെന്‍ മോദിക്ക് നന്ദി പറയണം. ഭരണഘടനാപരവും രാഷ്‌ട്രീയവുമായ സമത്വം നേടുന്നതിനുള്ള എല്ലാ തടസങ്ങളും നീക്കുകയും രാജ്യത്തെ മഹത്വത്തിലേക്ക് നയിക്കുകയും സേവിക്കുകയും ചെയ്യണം, ഉഷ പറഞ്ഞു.
2047ല്‍ എത്തുമ്പോള്‍, റാണി ലക്ഷ്മി ബായി, റാണി അഹല്യ ബായ് ഹോള്‍ക്കര്‍, കിറ്റൂര്‍ റാണി ചെന്നമ്മ, രാജ്ഞി വേലു നാച്ചിയാര്‍ തുടങ്ങിയവരെപോലെ ഭാരതമാതാവിന്റെ പെണ്‍മക്കള്‍ ഭാരതത്തെ മുന്നില്‍ നിന്ന് നയിക്കുന്നത് കാണാം. ധനമന്ത്രി നിര്‍മല സീതാരാമനെപ്പോലെ ആധുനികകാലത്തെ എല്ലാ സ്ത്രീകളും രാഷ്‌ട്രത്തെ മുന്നില്‍ നിന്ന് നയിക്കുന്നത് നമുക്ക് കാണാനാവും, പി ടി ഉഷ പറഞ്ഞു
ആരാണ് രാഷ്‌ട്രം കെട്ടിപ്പടുക്കുന്നത്, ആരാണ് മക്കളെ വളര്‍ത്തുന്നത്, ആരാണ് വയലില്‍ പണിയെടുക്കുന്നത്, ആരാണ് കര്‍മ്മയോഗിനികള്‍ അവരുടെ കൈകളില്‍ ഭാരതം കൂടുതല്‍ ശക്തവും ശോഭനവുമാകും. സുശക്തരായ അമ്മമാരുടെ വികാരമാണ് താന്‍ പ്രകടിപ്പിക്കുന്നത്, എന്നായിരുന്നു പി.ടി. ഉഷ പറഞ്ഞത്. നാരി ശക്തി വന്ദന്‍ അധിനിയം കൊണ്ടുവന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാജ്യത്തെ എല്ലാ സ്ത്രീകളെയും വന്ദിക്കുന്നുവെന്ന് പറഞ്ഞാണ് ഉഷ പ്രസംഗം തുടങ്ങുന്നത്.
ഈ ബില്ലിനെ പരമാവധി ശക്തിയോടെ പിന്തുണയ്‌ക്കാന്‍ എല്ലാ സഹപ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നു എന്ന് പറഞ്ഞ പി ടി ഉഷ, 1975 ല്‍ ഐക്യരാഷ്‌ട്രസഭ ഭാരതത്തോട് ആദ്യം ചോദിച്ചതിനെ പറ്റി ഇങ്ങനെ ഓർമ്മിപ്പിച്ചു. ‘നിങ്ങളുടെ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥയെന്താണെന്നായിരുന്നു’? 1975 ല്‍ ഐക്യരാഷ്‌ട്രസഭ ഭാരതത്തോട് ചോദിച്ചത്. അപ്പോള്‍ ‘സമത്വത്തിലേക്ക്’ എന്ന് റിപ്പോര്‍ട്ട് നല്കി. അന്നുമുതല്‍ ഇന്നുവരെ, ഒരു നീണ്ട കാലഘട്ടമായിരുന്നു. ഏകദേശം അഞ്ചു പതിറ്റാണ്ടായി ഞങ്ങള്‍ കാത്തിരിക്കുക യായിരുന്നു. പിഎം ഉജ്ജ്വല യോജന, പ്രധാനമന്ത്രി ആവാസ് യോജന, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന, മുത്തലാഖ് നിരോധനം എന്നിവയെല്ലാം സ്ത്രീകളെ ശക്തിപ്പെടുത്തുകയും അവരുടെ അന്തസ് ഉയര്‍ത്തുകയും ചെയ്തു. ഈയവസരത്തിൽ എല്ലാ സ്ത്രീകളോടും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു, പി ടി ഉഷ പറഞ്ഞു.