Latest News

ഇത് നാസ പുറത്ത് വിട്ട അതിശയിപ്പിക്കുന്ന പിൻവീൽ ഗാലക്സിയുടെ അതിമനോഹരമായ ചിത്രം

Published

on

പ്രപഞ്ച വിസ്മയങ്ങളെ ദൃശ്യങ്ങളായി ലോകത്തിനു മുന്നിലെത്തിച്ച് അതിശയിപ്പിക്കുന്ന ബഹിരാകാശ ഏജൻസിയാണ് നാസ. അത്ഭുതപ്പെടുത്തുന്ന ബഹിരാകാശ ദൃശ്യങ്ങൾ നാസ തങ്ങളുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഇപ്പോഴും പങ്കുവെക്കുന്നതും പതിവാണ്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളുടെ നിധി ശേഖരം കൂടിയാണ് നാസയുടെ ഇൻസ്റ്റഗ്രാം പേജ് എന്ന് കൂടി പറയണം. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി പിൻവീൽ ഗാലക്സിയുടെ അതിമനോഹരമായ ചിത്രമാണ് നാസ ലോകത്തിനായി പങ്കുവച്ചിട്ടുള്ളത്.

ആകാശഗംഗയെന്ന് നാം വിളിക്കുന്ന ക്ഷീരപഥത്തേക്കാൾ 70% വലിപ്പമുള്ള താരസമൂഹമാണ് പിൻവീൽ ഗാലക്‌സി എന്ന് പറയുന്നത്. നാസയുടെ നാല് ബഹിരാകാശ ദൂരദർശിനികളിൽ നിന്നുള്ള വിവരങ്ങൾ സംയോജിപ്പിച്ച് കൊണ്ടാണ് പിൻവീൽ ഗാലക്‌സിയുടെ ചിത്രം നാസ തയ്യാറാക്കിയിരിക്കുന്നത്.

ഭൂമിയും സൂര്യനും മറ്റ് ഗ്രഹങ്ങളുമെല്ലാം അടങ്ങുന്ന ക്ഷീരപഥത്തേക്കാൾ ഭീമനായ പിൻവീൽ ഗാലക്സിക്ക് 1,70,000 പ്രകാശവർഷം വ്യാസമുണ്ടെന്നാണ് നാസ അവകാശപ്പെടുന്നത്. ഭൂമിയിൽ നിന്ന് 21 ദശലക്ഷം പ്രകാശവർഷം അകലെ ബിഗ് ഡിപ്പർ എന്ന് അറിയപ്പെടുന്ന ഉർസ മേജർ നക്ഷത്രസമൂഹത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഗാലക്‌റ്റിക് സ്‌പെക്‌ട്രം എന്ന് നാസ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നു.

നാസ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പിൻവീൽ ഗ്യാലക്സിയുടെ ചിത്രത്തിൽ മഞ്ഞ, ചുവപ്പ്, നീല, പർപ്പിൾ എന്നീ നിറത്തിലുള്ള അതിശയിപ്പിക്കുന്ന നക്ഷത്രങ്ങൾ ഉണ്ട്. സ്പൈറലിന്റെ ആകൃതിയിലാണ് ഇവയെ കാണാനാവുന്നത്. ഹബിൾ, ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററി, സ്പിറ്റ്സർ സ്പേസ് ടെലിസ്കോപ്പ്, ഗാലക്സി എവല്യൂഷൻ എക്സ്പ്ലോറർ എന്നീ നാല് ബഹിരാകാശ ദൂരദർശിനികൾ പകർത്തിയ വിവരങ്ങൾ സംയോജിപ്പിച്ച് ആണ് മനോഹരമായ ഈ ദൃശ്യം നാസ തയ്യാറാക്കിയിട്ടുള്ളത്.

‘ആത്മാവ് തന്നെയാണ് ബ്രഹ്മം, ബ്രഹ്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു, മറ്റൊന്നിനെയും ഭജിക്കുന്നില്ല’ – ശ്രീ നാരായണ ഗുരു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version