Latest News
‘സ്ത്രീ സംവരണം നടപ്പാക്കാൻ ഒടുവിൽ ദൈവം തിരഞ്ഞെടുത്തത് മോദിയെ ആയിരുന്നു’
ന്യൂ ഡൽഹി . പുതിയ പാർലമെന്റിൽ ഒത്തുചേർന്ന ലോക്‌സഭയിൽ ആദ്യം അവതരിപ്പിച്ചത് വനിതാ സംവരണ ബിൽ. കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് 128-ാം ഭരണഘടനാ ഭേദഗതിയായി ബിൽ അവതരിപ്പിച്ചത്. പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്നതാണ് ബിൽ. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന ആദ്യ യോഗത്തിലാണ് ബില്‍ അവതരിപ്പിച്ചത് എന്നതാണ് ഏറെ ശ്രദ്ധേയം.
എന്നാൽ ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. രാജ്യസഭയില്‍ പാസായ പഴയബില്‍ നിലവിലുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. അതിനിടെ 2014ല്‍ അവതരിപ്പിച്ച ബില്‍ അസാധുവായെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചു.നേരത്തേ, 2010 മാര്‍ച്ച് ഒമ്പതിന് വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. ആ ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. അതുകൊണ്ട് ബില്‍ വീണ്ടും രാജ്യസഭയില്‍ പാസാക്കേണ്ടതായുണ്ട്.
സ്ത്രീ സംവരണം നടപ്പാക്കാൻ ഒടുവിൽ ദൈവം തിരഞ്ഞെടുത്തത് തന്നെയാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചർച്ചകൾ വളരെ കാലമായി തുടരുകയാണ്. അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ബിൽ നിരവധി തവണ അവതരിപ്പിച്ചുവെങ്കിലും ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം അന്നുണ്ടായിരുന്നില്ല. ഇതുമൂലം വനിതാ ബിൽ എന്നത് ഒരു സ്വപ്‌നമായി തുടർന്നു. ഇന്ന് അത് നടപ്പിലാക്കാനുള്ള അവസരം ദൈവം നൽകിയിരിക്കുകയാണ്. ഇരുസഭകളിലും പാർലമെന്റിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ പുതിയ ബിൽ കൊണ്ടുവന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ ബില്‍. പട്ടികജാതി- പട്ടിക വര്‍ഗ സംവരണ സീറ്റുകളും മൂന്നില്‍ ഒന്ന് സ്ത്രീകള്‍ക്കായി നീക്കിവയ്‌ക്കണമെന്ന് ബില്ലിലുണ്ട്. നിയമസഭകളില്‍ പകുതി എണ്ണമെങ്കിലും ഈ ബില്‍ പാസാക്കേണ്ടതുണ്ട്. വനിതാ സംവരണ ബില്‍ സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.