Latest News
കാലിക്കറ്റ് സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടില്ല
കോഴിക്കോട് നിപ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ കാലിക്കറ്റ് സര്‍വകലാശാല നടത്താറുന്ന പരീക്ഷകള്‍ മാറ്റി. സെപ്റ്റംബര്‍ 18 മുതല്‍ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയിട്ടുള്ളത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം നിപ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം മാറ്റി. ഈ മാസം 23 വരെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ട എന്ന പുതിയ ഉത്തരവ് ഇറക്കി.
ഈ മാസം18 മുതല്‍ 23 വരെ ഓണ്‍ലൈന്‍ ക്ലാസ്സ് മതി എന്നാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരുത്തരുതെന്ന് കലക്ടര്‍ ഉത്തരവിട്ടു. ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍, മദ്രസകള്‍, അംഗന്‍വാടികള്‍ ഉള്‍പ്പടെയുള്ളവക്ക് നിര്‍ദേശം ബാധകമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അംഗനവാടികള്‍, മദ്രസകള്‍ എന്നിവിടങ്ങളിലും വിദ്യാര്‍ഥികള്‍ എത്തിച്ചേരേണ്ടതില്ല. പൊതുപരീക്ഷകള്‍ നിലവില്‍ മാറ്റമില്ലാതെ തുടരുന്നതാണ്.
ജില്ലയിലെ പല സ്ഥലങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായ അവധി കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്നതിനാലാണ് ഓണ്‍ലൈനായി ക്ലാസുകള്‍ നടത്താമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. അവധിദിനങ്ങളില്‍ കുട്ടികള്‍ വീടിനു പുറത്തിറങ്ങാതെ സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വൈറസ് ബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പരിശോധനക്ക് വിട്ട പതിനൊന്ന് സാമ്പിളുകള്‍ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരാണിവര്‍. ഇതോടെ ഹൈറിസ്‌ക് വിഭാഗത്തില്‍ 94 പേരുടെ ഫലം നെഗറ്റീയവായി. ഹൈറിസ്‌ക് കാറ്റഗറിയിലുള്ള മുഴുവന്‍ പേരുടേയും പരിശോധന പൂര്‍ത്തിയാക്കും. കോഴിക്കോട് ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നും സാമ്പിള്‍ ശേഖരിച്ചു വരുകയാണ്.
കോഴിക്കോട് നഗരത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഇപ്പോൾ കര്‍ശനമാക്കി. കോഴിക്കോട് കോര്‍പ്പറേഷനിലെ 7 വാര്‍ഡുകളും ഫറോക്ക് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടൈന്‍മെന്റ് സോണിലുള്‍പ്പെട്ടതിനാല്‍ ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു. നിയന്ത്രണം ലംഘിച്ച് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ കിനാലൂര്‍ ഉഷാ സ്‌കൂള്‍ ഓഫ് അതല്റ്റിക്‌സ് ഗ്രൗണ്ടില്‍ നടത്തിയ സെലക്ഷന്‍ ട്രയല്‍സ് പൊലീസ് ഇടപെട്ട് നിര്‍ത്തി.