Latest News

പങ്കാളിയെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തിൽ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആരും ഇടപെടേണ്ടെന്ന് കോടതി

Published

on

വിവാഹം കഴിക്കാനോ ഒരുമിച്ച് ജീവിക്കാനോ ഉള്ള പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ അവകാശത്തിൽ മാതാപിതാക്കൾ ഉള്‍പ്പെടെ ആർക്കും ഇടപെടാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിർണായക വിധി. ലിവ് ഇന്‍ പങ്കാളികളായ യുവതീയുവാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്. ജസ്റ്റിസ് സുരേന്ദ്ര സിങ്ങിന്‍റെ ബെഞ്ചിന്റെതാണ് ഈ വിധി. പങ്കാളികളുടെ സമാധാനപരമായ ജീവിതം തടസ്സപ്പെട്ടാൽ പൊലീസിനെ സമീപിക്കാമെന്നും അവർക്ക് ഉടനടി സംരക്ഷണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. മുസ്‍ലിം യുവതിയും ലിവ് ഇന്‍ പങ്കാളിയായ ഹിന്ദു യുവാവും കോടതിയെ സമീപിച്ച കേസിലാണിത്.

കുടുംബാംഗങ്ങളും യുവതിയുടെ അമ്മയും മറ്റും ഉപദ്രവിക്കുന്നു എന്നായിരുന്നു ഇരുവരുടെയും പരാതി. ഹർജിക്കാരുടെ സമാധാനപരമായ ജീവിതം തടസ്സപ്പെടുത്തി കുടുംബം നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഓഗസ്റ്റ് നാലിന് ഗൗതം ബുദ്ധ നഗർ പൊലീസ് കമ്മീഷണറോട് യുവതി സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും അത് ഉണ്ടായില്ല. തുടര്‍ന്നാണ് യുവതീ യുവാക്കള്‍ കോടതിയെ സമീപിക്കുന്നത്.

തങ്ങളുടെ ജീവിതത്തിൽ ഇടപെടുന്നതിൽ നിന്ന് കുടുംബത്തെ തടയണമെന്ന ആവശ്യവുമായി ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. ഇവർ പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടു. ഹര്‍ജിക്കാര്‍ വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരാണെന്നും മുസ്‍ലിം വ്യക്തിനിയമ പ്രകാരം ലിവ് ഇൻ ബന്ധം ശിക്ഷാർഹമാണെന്നും സർക്കാർ അഭിഭാഷകൻ പറയുകയുണ്ടായി.

ലിവ് ഇന്‍ ബന്ധത്തിലുള്ളവര്‍ക്ക് പൊലീസ് സംരക്ഷണം നിഷേധിച്ചുകൊണ്ട് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് പുറപ്പെടുവിച്ച മുൻ ഉത്തരവ് അഭിഭാഷകൻ ഉദ്ധരിക്കുകയും ചെയ്തു. എന്നാൽ അത് ആ കേസില്‍ മാത്രമാണെന്നും എല്ലാ കേസുകള്‍ക്കും ബാധകമല്ലെന്നും കോടതി വ്യക്തമാക്കുകയാണ് ഉണ്ടായത്. പങ്കാളിയെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം, ആര്‍ട്ടിക്കിള്‍ 19, 21 പ്രകാരം ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും പെടുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version