Crime

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച് തുന്നികെട്ടിയ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Published

on

കോഴിക്കോട് . പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശി കെ. കെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച് തുന്നികെട്ടി ഗുരുതരമായ കൃത്യ വിലോപം കാട്ടിയ കേസില്‍ മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗുരുതരമായ തെറ്റ് ചെയ്ത് സംസ്ഥാന ആരോഗ്യ രംഗത്തിനാകെ അപമാനമായ കേസിലെ പ്രതികളെ പിന്നീട് പോലീസ് സ്വന്തം ജാമ്യത്തില്‍ വിടുന്ന നടപടിയാണ് ഉണ്ടായത്.

ഒന്നാം പ്രതി മെഡിക്കല്‍ കോളജിലെ അസി. പ്രഫസര്‍ ഡോ.സി.കെ.രമേശന്‍, മൂന്ന്, നാല് പ്രതികളും സ്റ്റാഫ് നഴ്‌സുമാരായ എം.രഹന, കെ.ജി.മഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരിക്കുന്നത്. മൂവരും അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി. കെ.സുദര്‍ശന്‍ മുന്‍പാകെ ഹാജരാവുകയും ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമാണ് ഉണ്ടായത്.

അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഏഴു ദിവസത്തിനുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് പോലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. പ്രതിപ്പട്ടികയിലുള്ള മൂന്നു പേര്‍ ഏഴാം ദിവസമായ വ്യാഴാഴ്ച ഇതോടെ ഹാജരായി. ഇവരെ വിശദമായി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്. കേസില്‍ രണ്ടാം പ്രതി, കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഇപ്പോള്‍ ഗൈനക്കോളജിസ്റ്റായ ഡോ.എം.ഷഹന ഇതുവരെ ഹാജരാകാൻ കൂട്ടാക്കിയിട്ടില്ല.

ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ സംഘത്തിലെ ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് പ്രതി പട്ടികയിൽ ഉള്ളത്. ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ ചികിത്സപ്പിഴവുണ്ടായെന്നു കണ്ടെത്തിയിരുന്നു. 2017 നവംബര്‍ 30ന് മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്നും പോലീസ് കണ്ടെത്തി. 2017 ജനുവരി 27ന് കൊല്ലത്തെ ആശുപത്രിയില്‍ നടത്തിയ എം ആര്‍ ഐ പരിശോധനയില്‍ കാണാത്ത ലോഹവസ്തുവാണ് അഞ്ചു വര്‍ഷത്തിനുശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നത്. കേസ് പോലീസിൽ മാത്രം ഒതുക്കി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്ര ഗുരുതരമായ തെറ്റ് ചെയ്ത ഡോക്ടർമാർ ഉൾപ്പടെ ഉള്ളവരുടെ അറസ്റ്റും ജാമ്യവും ഒക്കെ പോലീസ് തന്നെ കൈകാര്യം ചെയ്തതെന്ന ആക്ഷേപം ഉയരുകയാണ് ഇപ്പോൾ.

(വാൽ കഷ്ണം : ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച് തുന്നികെട്ടി, മെഡിക്കൽ രംഗത്ത് ക്രിമിനൽ കുറ്റം ചെയ്തവരെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി പോലീസ് സ്വന്തം ജാമ്യത്തിൽ വിട്ടതെങ്ങനെ?)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version