Crime
പരിശീലനത്തിനായി എത്തിയ എയർ ഹോസ്റ്റസിനെ ഫ്ലാറ്റിൽ കഴുത്തറുത്ത് കൊന്നു
സഹോദരിക്കൊപ്പം താമസിച്ചിരുന്ന എയർ ഹോസ്റ്റസിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ മരോലിലെ എൻ ജി കോം പ്ലക്സിൽ താമസിച്ചു വന്ന രുപാൽ ഒഗ്രേ (24) എന്ന യുവതിയെയാണ് ഞായറാഴ്ച രാത്രി താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹമെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.
ഛത്തീസ്ഗഡ് സ്വദേശിനിയാണ് രൂപാൽ ഓഗ്രേ. ഇവർ എയർ ഇന്ത്യയിലെ എയർ ഹോസ്റ്റസ് പരിശീലനത്തിനായി കഴിഞ്ഞ ഏപ്രിലിലാണ് മുംബൈയിലെത്തുന്നത്. മരോലിലെ ഫ്ലാറ്റിൽ സഹോദരിക്കും ഇവരുടെ ആൺസുഹൃത്തിനൊപ്പമായിരുന്നു ഒഗ്രേ താമസിച്ചു വന്നിരുന്നത്. സഹോദരിയും പങ്കാളിയും നാട്ടിലേക്ക് പോയ സമയത്താണ് യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇരുവരും എട്ടുദിവസം മുൻപ് നാട്ടിലേക്ക് പോയതായിട്ടാണ് പോലീസ് പറയുന്നത്.
രൂപാൽ ഓഗ്രേയുടെ മരണത്തിൽ ശുചീകരണ തൊഴിലാളിയായ 40കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇയാളുടെ ഭാര്യയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വരുകയാണ്. പ്രതികളെ കണ്ടെത്തുന്നതിനായി 12 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. ഫ്ലാറ്റിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് പരിശോധിച്ചു വരുന്നു.
രൂപാൽ ഓഗ്രേ ഫോൺ ചെയ്യാത്തതിനെ തുടർന്ന് യുവതിയുടെ ബന്ധുക്കൾ മുംബൈയിലുള്ള സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ സുഹൃത്തുക്കൾ ഫ്ലാറ്റിൽ എത്തുമ്പോൾ, അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയ സുഹൃത്തുക്കൾ പോലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് വാതിൽ തകർത്ത് അകത്ത് പ്രവേശിക്കുകയാണ് ഉണ്ടായത്. കഴുത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിൽ ഓഗ്രിയെ കണ്ടെത്തിയ പോലീസ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഞായറാഴ്ച രാവിലെ രുപാൽ കുടുംബാംഗങ്ങളുമായി വാട്സാപ്പ് വീഡിയോ കോളിൽ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് യുവതിയെ ഫോണിൽ കിട്ടാതായത്. കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം നടക്കുന്നത്. യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിശദമായ അന്വേഷണം തുടരുകയാണെന്നും മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.