Latest News
2024ലും നരേന്ദ്രമോദി ചരിത്രവിജയം നേടി അധികാരത്തിലെത്തുമെന്ന് സർവ്വേ
ന്യൂഡൽഹി . 2024ലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം ചരിത്രവിജയം നേടി അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ, ഇടിജി എന്നിവയുടെ സംയുക്ത സർവേ ഫലം. ഉത്തരേന്ത്യയിലെ 80 ശതമാനം സീറ്റുകളും എൻഡിഎ തൂത്തുവാരും. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ മുന്നണി നിലമെച്ചപ്പെടുത്തും. ബംഗാളിലും ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നും സർവേയിൽ പറയുന്നു.
ഉത്തര മേഖലകളിലെ സീറ്റുകളിൽ എൻഡിഎ കുതിപ്പ് തുടരുമെന്നും ബാക്കിയുള്ള മേഖലകളിൽ നിലമെച്ചപ്പെടുത്തുമെന്നും സർവേ പറയുന്നു. ഇപ്പോഴത്തെ സാഹചര്യം 2024 മേയിലും പ്രകടമായാൽ 296 മുതൽ 326 വരെ സീറ്റുകൾ നേടി ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലെത്തുമെന്നാണ് സർവേ ഫലം പറയുന്നത്. എല്ലാ പ്രതിപക്ഷ പാർട്ടികളും ഉൾപ്പെട്ട ഐഎൻഡിഐഎ സഖ്യത്തിന് 160 മുതൽ 190 വരെ സീറ്റുകൾ മാത്രമേ നേടാൻ ആവൂ.
ഒറ്റയ്‌ക്ക് മത്സരിക്കുന്ന പ്രദേശിക പാർട്ടികൾ വലിയ കേടുപാടുകൾ സംഭവിക്കാതെ പിടിച്ചുനിൽക്കുമെന്നും സർവേ വ്യക്തമാക്കുന്നുണ്ട്.
25 സീറ്റുകളാണ് വൈഎസ്‌ഐആർ കോൺഗ്രസിന് സർവേ പ്രവചിക്കുന്നത്. ബിജു ജനതാദളിന് 14 സീറ്റുവരെയും ബിആർഎസിന് 11 സീറ്റുവരെയും ലഭിക്കാനല്ല സാധ്യതയാണുള്ളത്.
വൈഎസ്‌ഐആർ കോൺഗ്രസ്, ബിആർഎസ് എന്നീ പാർട്ടികളുടെ പ്രകടനം ദക്ഷിണേന്ത്യയിൽ മേൽക്കൈ നേടാമെന്ന ഐഎൻഡിഐഎ മുന്നണിയുടെ പ്രതീക്ഷകൾ കൂപ്പുകുത്തുമെന്നും സർവേ പറയുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ഐഎൻഡിഐഎക്ക് വലിയ തിരിച്ചടി ഉണ്ടാവും. തമിഴ്‌നാട്ടിൽ പിടിച്ചു നിൽക്കും, കർണാടകയിൽ ബിജെപി തന്നെ നേട്ടമുണ്ടാക്കുമെന്നും സർവേ ഫലം പറയുന്നുണ്ട്. ജനപ്രീതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് മുന്നിൽ. മോദിയുടെ വികസിത ഭാരതം എന്ന മുദ്രാവാക്യത്തിൽ ജനങ്ങൾ വിശ്വാസം അർപ്പിക്കുന്നു. രാഹുൽ ഗാന്ധിയ്‌ക്ക് ജനപ്രീതി വർദ്ധിപ്പിക്കാൻ സാധിച്ചിട്ടില്ലെന്നും സർവെയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കക്ഷിനില പ്രവചനം ഇങ്ങനെ: NDA- 296-326,NEW UPA- 160-190, YSRCP- 24-25, BJD12-14, BRS- 9-11, OTH- 11-14