Latest News
ബ്രീട്ടീഷുകാർക്കുവേണ്ടി രാജ്യത്തെ ഒറ്റുകൊടുത്തവരാണ് സംഘപരിവാറെന്ന് എം.വി. ജയരാജൻ
ബ്രീട്ടീഷുകാർക്കുവേണ്ടി രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരപ്രക്ഷോഭങ്ങളെ ഒറ്റുകൊടുത്ത സംഘപരിവാറുകാരെപ്പോലെയല്ല എല്ലാവരുമെന്നത് കേന്ദ്ര ബി.ജെ.പി സർക്കാരിന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാവുമെന്ന് കണ്ണൂർ സി.പി.ഐ.എം ജില്ലാ സെക്രെട്ടറി എം.വി. ജയരാജൻ. മതനിരപേക്ഷ ഇന്ത്യയ്ക്കായുള്ള ജനകീയസമരത്തെ തകർക്കാനാവില്ലെന്നും, രാജ്യതലസ്ഥാനത്ത് സി.പി ഐ എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി ഐ ജനറൽ സെക്രട്ടറി ഡി. രാജ ഉൾപ്പടെയുള്ള ഇടതുപക്ഷ നേതാക്കളെ അന്യായമായി അറസ്റ്റുചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും ജയരാജൻ.
ജനനേതാക്കളെ അറസ്റ്റുചെയ്തും ജനകീയ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയും മതനിരപേക്ഷ ഇന്ത്യയ്ക്കായുള്ള പ്രക്ഷോഭത്തെ കേന്ദ്ര സർക്കാരിന് ഇല്ലാതാക്കാൻ കഴിയില്ലെന്നും രാജ്യത്ത് ജനദ്രോഹം പരമാവധിയാക്കുകയും ജനാധിപത്യ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തുകയുമാണ് മോഡി സർക്കാർ ചെയ്യുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തി. സുപ്രീം കോടതിയിൽ, പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും എന്നുപറഞ്ഞ് കേന്ദ്രസർക്കാർ തടിതപ്പുകയാണ് ചെയ്തത്. എന്നാൽ, പൗരത്വ ഭേദഗതി നിയമം ഭരണഘടനയ്ക്ക് എതിരാണെന്ന ബോധ്യം ജനങ്ങൾക്കുണ്ട്. നിലവിലെ സാഹചര്യത്തിൽ, രാജ്യത്തിൻ്റെ ഭരണഘടനയോടും, ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയോടും തുല്യതയോടും നീതിപുലർത്തി, പ്രസ്തുത നിയമഭേദഗതി റദ്ദാക്കുകയാണ് ചെയ്യേണ്ടത്. അതേസമയം, പൗരത്വ നിയമ ഭേദഗതിയിലൂടെ അറിഞ്ഞുകൊണ്ട് രാജ്യത്തോട് തെറ്റ് ചെയ്തു എന്ന തിരിച്ചറിവുള്ളതുകൊണ്ടാണ് പ്രതിഷേധ സമരങ്ങൾക്ക് പോലും കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിലാണ് ഇത്തരമൊരു കടുത്ത ജനാധിപത്യധ്വംസനം നടക്കുന്നതെന്നും ജയരാജൻ പറഞ്ഞു.