Culture
സച്ചിദാനന്ദന്‍ വീണിടത്ത് കിടന്നു ഉരുണ്ട് തിരുത്തി, ഫലിതമായിരുന്നെന്നു പറഞ്ഞു രക്ഷപെട്ടു
മൂന്നാം തവണയും കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ സിപിഎം നശിക്കുമെന്നും,വരാതിരിക്കാൻ സഖാക്കൾ പ്രാർത്ഥിക്കണമെന്നും പറഞ്ഞത് വിവാദമായതോടെ കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍ മലക്കം മറിഞ്ഞു തിരുത്തൽ പോസ്റ്റുമായി രംഗത്ത്. താൻ ഫലിതം പറഞ്ഞത് ചിലർ പ്രസ്താവനയാക്കിയെന്നാണ് സച്ചിദാനന്ദന്‍ പറയുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് സച്ചിദാനന്ദന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്.
തനിക്കു പറ്റിയ അബദ്ധം രാഷ്ട്രീയായുധമാകുമെന്നറിഞ്ഞതോടെയാണ് താൻ പറഞ്ഞത് ഫലിതം ആണെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന് സത്യത്തിൽ പറയേണ്ടി വന്നത്. കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ ആ കസേരയിലിരുന്നു പറയുന്നത് ഏതാണ് ഫലിതമെന്നും, ഏതാണ് പ്രസ്ഥാവന എന്നും ചോദിച്ചറിയേണ്ട അവസ്ഥയായി ഇനി കേരളത്തിലെ മാധ്യമ ലോകത്തിന്.
വല്ലാത്ത ഫലിതം വിളമ്പിയ സച്ചിദാനന്ദന്‍ ‘നമ്മുടെ മാധ്യമധാർമികത വിചിത്രമാണെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്. ‘ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകൾ ചൂണ്ടിക്കാട്ടിയിരുന്നു. അതിൻ്റെ പ്രത്യേകരീതിയിൽ എഡിറ്റ് ചെയ്ത വേർഷനുകളാണ് പത്രത്തിലും യു ട്യൂബിലും വന്നത്. അതിൽ നിന്ന് തങ്ങൾക്ക് വേണ്ട ചില വരികൾ പ്രചരിപ്പിക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. ഇനി രാഷ്ട്രീയ അഭിമുഖങ്ങള്‍ ഇല്ല. തനിക്ക് വേണ്ടത് തനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാമെന്നാണ് സച്ചിദാനന്ദന്റെ വാക്കുകൾ.
മൂന്നാം തവണയും സിപിഎം അധികാരത്തില്‍ വരാതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ത്ഥിക്കണമെന്നാണ് സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു. രണ്ടു വട്ടം അധികാരത്തിലേറുമ്പോള്‍ പാര്‍ട്ടിക്ക് ധാര്‍ഷ്ട്യം കൂടും. മൂന്നാം വട്ടവും അധികാരത്തില്‍ തുടരുന്നത് പാര്‍ട്ടിയെ നശിപ്പിക്കും. പശ്ചിമ ബംഗാളില്‍ നാം അത് കണ്ടതാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം. തന്റെ പ്രസ്താവന വിവാദമായപ്പോഴാണ് സച്ചിദാനന്ദന്‍ വീണിടത്ത് കിടന്നു ഉരുണ്ട് തിരുത്തിയത്.
സച്ചിദാനന്ദന്റെ എഫ്ബി പോസ്റ്റ് ഇങ്ങനെയാണ്.
നമ്മുടെ മാദ്ധ്യമധാർമ്മികത വിചിത്രമാണ്. വലതു പക്ഷത്തിൻ്റെ വളർച്ചയുടെ വിപത്തുകൾ കൃത്യമായി ചൂണ്ടിക്കാട്ടി, ഇടതുപക്ഷത്തെ കൂടുതൽ വിശാലമായി, ഗാന്ധിയെയും അംബേദ്കറെയും ഉൾക്കൊള്ളാവുന്ന വിധത്തിൽ, നിർവ്വചിക്കാൻ ശ്രമിക്കയാണ്, വളരെ കാലമായി ചെയ്യും പോലെ, ഞാൻ രണ്ടു മണിക്കൂർ നീണ്ട ഇന്ത്യൻ എക്സ്പ്രസ്സ് അഭിമുഖത്തിൽ ചെയ്തത്, ഇന്നത്തെ ഇടതുപക്ഷത്തിൻ്റെ ചില പരാധീനതകൾ ചൂണ്ടിക്കാട്ടുകയും. അതിൻ്റെ പ്രത്യേകരീതിയിൽ എഡിറ്റ് ചെയ്ത വേർഷനുകൾ ആണ് പത്രത്തിലും യു ട്യൂ ബിലും വന്നത്. അതിൽ നിന്ന് തന്നെ തങ്ങൾക്ക് വേണ്ട ചില വരികൾ എടുത്ത് പ്രചരിപ്പിക്കാൻ ആണ് മറ്റു മാദ്ധ്യമങ്ങൾ ശ്രമിച്ചത്. ചില ഫലിതങ്ങൾ പോലും പ്രസ്താവനകൾ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ കേരളത്തിൻ്റെ അവസ്ഥയെക്കുറിച്ച് ഞാൻ താഴെയുള്ള പോസ്റ്റ് ഇട്ടത്. കേരളത്തിൽ കൂടുതൽ സ്വാതന്ത്ര്യം തേടിയാണ് വന്നത്. എന്നാൽ ദേശീയമായ കാഴ്ചപ്പാടിൽ കാര്യങ്ങളെ കാണുവാൻ ഇവിടത്തെ കറുപ്പും വെളുപ്പും രാഷ്ട്രീയം തടസ്സമാണെന്ന് ബോദ്ധ്യമാ കുന്നു. രാഷ്ട്രീയം ആയ അഭിമുഖങ്ങൾ ഇനി ഇല്ല. എനിക്ക് വേണ്ടത് എനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാം.
(വാൽ കഷ്ണം: കേരളത്തിലെ മാധ്യമ ലോകം സൂക്ഷിക്കണം, സച്ചിദാനന്ദന്‍ മാധ്യമങ്ങളോട് ഫലിതം പറയും… കേരള സാഹിത്യ അക്കാദമി അധ്യക്ഷന്റെ കസേരയിലിരുന്നു പറയുന്നത് ഏതാണ് ഫലിതമെന്നും, ഏതാണ് പ്രസ്ഥാവന എന്നും ചോദിച്ചറിയണെ? മാദ്ധ്യമധാർമ്മികത വിചിത്രമെന്നു പിന്നെ പറഞ്ഞു കളയും )