Latest News
ലോകത്തെ ഏറ്റവും ജനപ്രിയ നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 73-ാം പിറന്നാൾ നിറവിൽ
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 73-ാം പിറന്നാൾ. രാജ്യമെമ്പാടും വിപുലമായ പരിപാടികളോടെയാണ് ബിജെപി പ്രവർത്തകർ ഇന്ന് പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷിക്കുന്നത്. ഇന്ന് മുതൽ ഒക്ടോബർ 02 വരെ നീണ്ടുനിൽക്കുന്ന ബൃഹത്തായ പരിപാടിയാണ് ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള നേതാവിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പാർട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ദ്വാരകയിലെ യശോഭൂമി ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. എഴുപത്തി മൂവായിരം ചതുരശ്ര മീറ്ററിൽ നിർമ്മിച്ചിരിക്കുന്ന ഈ കൺവെൻഷൻ സെന്ററിൽ പ്രധാന ഓഡിറ്റോറിയം ഉൾപ്പെടെ 28 മുറികളുണ്ട്. പതിനോരായിരം പേർക്ക് ഒരേ സമയം പരിപാടികളിൽ പങ്കെടുക്കാൻ ഇവിടെ സൗകര്യങ്ങൾ ഉണ്ട്.
പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. വിപുലമായ സേവന പരിപാടികളും പാർട്ടിയുടെ നേതൃത്വത്തിൽ നടക്കും. ഇന്ത്യ സ്വാതന്ത്ര്യം നേടി മൂന്ന് വർഷത്തിനിപ്പുറം 1950 സപ്റ്റംബർ 17ന് ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തിൽ ആറ് മക്കളിൽ മൂന്നാമനായി ജനിച്ച മോദി, ചെറുപ്പത്തിലേ ആർഎസ്എസ് ശാഖയിലൂടെ സാമൂഹ്യ രംഗത്തേക്ക് എത്തുകയായിരുന്നു. ഇരുപതാം വയസിലാണ് മോദി രാഷ്‌ട്രീയം ജീവിതമായി തെരഞ്ഞെടുത്തത്.
അന്ന് മുതൽ 24 മണിക്കൂർ രാഷ്‌ട്രീയക്കാരനാവുകയായിരുന്നു മോദി. 2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത് മുതൽ പല ഘട്ടങ്ങളിലായി ഗുരുതരമായ വിമർശനങ്ങളും ആരോപണങ്ങളും ഉയരുമ്പോഴും, എല്ലാറ്റിനെയും മറികടന്ന് നേട്ടങ്ങൾ കൊയ്തെടുത്ത മോദി കഠിനാധ്വാനത്തിലൂടെയും, തനത് രാഷ്‌ട്രീയ തന്ത്രങ്ങളിലൂടെയും ലോക ശ്രദ്ധ നേടുകയായിരുന്നു.1975 ൽ അടിയന്തരാവസ്ഥ കാലത്ത് സംഘടനയുടെ രഹസ്യപ്രവർത്തനങ്ങളുടെ പ്രധാന കണ്ണിയായി പ്രവർത്തിച്ചു വന്ന മോദി, 1979ൽ ഡൽഹിയിലേക്ക് നിയോഗിക്കപ്പെടുകയായിരുന്നു. 1985 ൽ അദ്ദേഹം ഗുജറാത്തിലേക്ക് മടങ്ങിയെത്തി. 1987 ൽ പാർട്ടിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. 1990 ൽ അദ്ധ്വാനി സംഘടിപ്പിച്ച രാമരഥയാത്രയുടെയും 1992ൽ മുരളി മനോഹർ ജോഷി സംഘടിപ്പിച്ച ഏകതായാത്രയുടെയും മുഖ്യ സംയോജകൻ നരേന്ദ്രമോദിയായിരുന്നു.
1995 ൽ ഗുജറാത്തിലെ പ്രവർത്തനത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം അക്കൊല്ലം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിന് നേതൃത്വം നൽകി. തുടർന്ന് ഹരിയാന, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളുടെ പ്രഭാരിയായി. 1998 ലാണ് നരേന്ദ്രമോദിയെ പാർട്ടിയുടെ സംഘടനാ സെക്രട്ടറിയായി നിയോഗിക്കുന്നത്. 2001 ഒക്ടോബർ മൂന്നിന് പാർട്ടി അദ്ദേഹത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാകാൻ നിയോഗിച്ചു. 2014 മേയ് 22 വരെ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. തന്റെ പ്രവർത്തന കാലയളവിൽ ഗുജറാത്തിനെ വ്യാവസായികമായി മുൻനിരയിൽ നിൽക്കുന്ന സംസ്ഥാനമാക്കി മാറ്റാൻ നരേന്ദ്രമോദിക്കായി.
ഭാരതത്തിന്റെ ചരിത്രത്തിൽ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന ആദ്യ ബിജെപി സർക്കാരിലെ പ്രധാനമന്ത്രിയായി 2014 മേയ് 26 ന് അദ്ദേഹം സത്യപ്രതിജ്ഞചെയ്ത് തുടർന്ന് അധികാരമേറ്റു. കഴിഞ്ഞ 9 വർഷം കൊണ്ട് രാജ്യത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റാൻ നരേന്ദ്രമോദിക്ക് ആയി എന്നതാണ് ശ്രദ്ധേയം.
കർമ്മയോഗിയായ മോദിയുടെ പിറന്നാൾ ദിനത്തിൽ മിക്ക സംസ്ഥാനങ്ങളിലും ബിജെപി പ്രവർത്തകർ പ്രത്യേക യോഗ സെഷനുകൾ ഒരുക്കിയിട്ടുണ്ട്. നമോ വികാസ് ഉത്സവ് എന്ന പേരിലാണ് പാർട്ടിയുടെ ത്രിപുര നേതൃത്വം ആഘോഷങ്ങൾ സംഘടിപ്പിച്ചിരി ക്കുന്നത്. ഗാന്ധി ജയന്തി വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് ബിജെപിയുടെ ഗുജറാത്ത് ഘടകം നേതൃത്വം നൽകുന്നത്. പല സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വം ഇന്ന് പാവപ്പെട്ടവർക്ക് സൗജന്യമായി പാചക വാതക കണക്ഷനുകൾ നൽകുന്നുണ്ട്. ഗുജറാത്തിലെ സ്കൂൾ വിദ്യാർത്ഥിനികളായ 30,000 പെൺകുട്ടികൾക്ക് ബിജെപി നേതൃത്വം സൗജന്യമായി ബാങ്ക് അക്കൗണ്ടുകൾ ഇന്ന് എടുത്ത് നൽകും. രാജ്യമെമ്പാടും യുവമോർച്ചയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. മോർണിംഗ് കൺസൾട്ടിന്റെ ഏറ്റവും പുതിയ സർവേ പ്രകാരം ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട രാഷ്‌ട്രീയ നേതാക്കളിൽ 76 ശതമാനം അപ്പ്രൂവൽ റേറ്റിംഗോടെ പ്രധാനമന്ത്രി ഒന്നാം സ്ഥാനത്ത് തുടരുന്നു എന്ന വസ്തുത കഴിഞ്ഞ ദിവസം ആണ് പുറത്ത് വരുന്നത്. കുറഞ്ഞ കാലം കൊണ്ട് ഭാരതത്തെ വിശ്വശക്തിയാക്കി മാറ്റിയ മോദി, പ്രതികൂല സാഹചര്യങ്ങളിൽ പോലും രാജ്യത്തെ സധൈര്യം മുന്നിൽ നിന്ന് നയിച്ചു വരുകയാണ് ഈ ജനകീയനായ നേതാവ്.