Latest News

സാങ്കേതികവിദ്യയുടെ ഭാവി ഇന്ത്യയുടെ കരങ്ങളിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published

on

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ ഭാരതം വളരുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ പൊതു – അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഭാരതീയർ മുൻനിരയിലാണ്. താഴെ തട്ടിലുള്ളവരെ ശാക്തീകരിക്കുന്നതിനും വളർച്ചയും ക്ഷേമവും ഉറപ്പാക്കുന്നതിനുമായുള്ളതാണ് സാങ്കേതികവിദ്യ. കഴിഞ്ഞ ഒൻപത് വർഷകാലമായി രാജ്യത്ത് ആരംഭിച്ച നിരവധി പദ്ധതികളും സംരംഭങ്ങളും സമ്പദ്വ്യവസ്ഥയെ ഗുണകരമായി സ്വാധീനിച്ചു, പ്രധാനമന്ത്രി പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

സാങ്കേതികവിദ്യയുടെ ഭാവി ഇന്ത്യയുടെ കരങ്ങളിലാണ്. പൊതുജനങ്ങൾക്കിടയിൽ സാങ്കേതിസകവിദ്യ അവതരിപ്പിച്ച് വിജയിച്ച രാജ്യമാണ് ഭാരതം. വ്യത്യസ്ത മേഖലകളിൽ ഇന്ത്യ ഇത് തെളിയിച്ച് കഴിഞ്ഞു. ജി20 അദ്ധ്യക്ഷ പദവി ലഭിച്ചപ്പോഴും ഇത് പ്രകടമാണ്. അംഗരാജ്യങ്ങളിലെ ധനകാര്യമന്ത്രിമാർ ഭാവിയിലേക്കുള്ള അടിത്തറ പാകി കഴിഞ്ഞു. സാമ്പത്തിക തട്ടിപ്പിന്റെ കാര്യമായാലും ഓൺലൈൻ വഴിയുള്ള ഭീകരപ്രവർത്തനമായാലും കൃത്യമായ പരിഹാരം കണ്ടെത്താൻ രാജ്യത്തിനാകുമെന്ന് ലോക രാജ്യങ്ങൾ വിശ്വസിക്കുന്നു. രാജ്യത്തിന്റെ സാങ്കേതികവിദ്യയിലുള്ള വൈദഗ്ധ്യത്തിൽ അത്രമാത്രം വിശ്വാസമാണ് അവർക്ക് ഇന്നുള്ളത്, നരേന്ദ്ര മോദി പറഞ്ഞു.

ഭാരത്തിന്റെ ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള ചുവടുവെപ്പ് സർവ്വ മേഖലയിലും ഗുണങ്ങളാണ് നൽകി കൊണ്ടിരിക്കുന്നത്. അടിസ്ഥാന ജനവിഭാഗത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ രാജ്യത്തിന് ഇന്ന് കഴിയുന്നു. ജൻധൻ, ആധാർ,മൊബൈൽ കണക്ടിവിറ്റി എന്നിവ ദുർബലരെ പോലും ശാക്തീകരിച്ചു കഴിഞ്ഞു. ഇടനിലക്കാരുടെ സാന്നിധ്യം ഇല്ലാത്തതുകൊണ്ട് തന്നെ പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കാൻ ആർക്കും കഴിയാത്ത അവസ്ഥയായി. ഡിജിറ്റൽ സാങ്കേതികവിദ്യ സാധാരണക്കാർക്കും ലഭ്യമായതോടെ കോടിക്കണക്കിന് ആളുകളിലേക്കാണ് സഹായങ്ങളും ആനുകൂല്യങ്ങളും നേരിട്ടെത്തി വരുന്നത്, മോദി പറഞ്ഞു.

രാജ്യത്തെ വഴിയോരക്കച്ചവടക്കാർ വരെ ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് പണമിടപാട് നടത്തുന്നത്. രാജ്യത്തെത്തിയ വിദേശ പ്രതിനിധികളിൽ പലരും ഇത്തരം സംവിധാനങ്ങൾ കണ്ട് അത്ഭുതപ്പെടുകയാണ്. ഭാരതത്തെ മാതൃകയാക്കുകയാണ് അവർ. മറ്റ് പല രാജ്യങ്ങളും യുപിഐ സംവിധാനവുമായി ഒത്തുച്ചോരാൻ ആഗ്രഹിക്കുന്നു. ലോകത്ത് തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ പകുതിയോളം ഇന്ത്യയിലാണെന്നതിൽ അത്ഭുതപ്പെടാനില്ല, പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version