Culture
സനാതന ധർമ്മ വിരുദ്ധത അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി . സനാതന ധർമ്മ വിരുദ്ധത അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈന്ദവ സംസ്‌കാരത്തിന് എതിരെ ഉയരുന്ന ഏത് വെല്ലുവിളികളും ശക്തമായി നേരിടണമെന്നും, തമിഴ്നാട് മന്ത്രി ഉദയനിധിയുടെ പരാമർശത്തിൽ കൃത്യമായ മറുപടി നൽകണമെന്നും, പ്രധാനമന്ത്രി പറഞ്ഞു. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിനി സ്റ്റാലിന്റെ വിവാദ പരാമർശത്തിനെതിരെ, ജി20 ഉച്ചകോടിയ്‌ക്ക് മുന്നോടിയായുള്ള മന്ത്രിസഭാ യോഗത്തിൽ കേന്ദ്രമന്ത്രിമാരോട് സംസാരിക്കവെയാണ് നരേന്ദ്രമോദി ഇക്കാര്യം പറഞ്ഞത്.
രാജ്യത്തിന്റെ നാമം ഭാരത് എന്നാക്കി മാറ്റുന്ന അഭ്യൂഹങ്ങളിൽ ഉത്തരവാദിത്വം ഉള്ളവർ മാത്രമേ പ്രതികരണം നടത്താവൂ. ഭരണഘടനയിലെ വസ്തുതകളിൽ ഉറച്ചുള്ള പ്രതികരണങ്ങൾ മാത്രം ഇക്കാര്യത്തിൽ മതി എന്നും പ്രധാനമന്ത്രി മന്ത്രിമാരോട് പറഞ്ഞു. സെപ്തംബർ നാലിന് ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം ഉണ്ടാവുന്നത്. സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്നാണ് ഉദയനിധി ആഹ്വാനം ചെയ്തത്. മാറാരോഗങ്ങളെപ്പോലെ തുടച്ചുനീക്കപ്പടേണ്ട ഒന്നാണ് സനാതന ധർമ്മമെന്നും അതിനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ഉദയനിധി ആഹ്വാനം ചെയ്യുകയായിരുന്നു. ഈ പരാമർശത്തിന് പിന്നാലെ ഉദയനിധിയ്‌ക്കെതിരെ രാജ്യമാകെ പ്രതിഷേധങ്ങൾ നടക്കുകയാണ്.