Latest News
ഭഗത് സിംഗിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി . രാജ്യത്തിൻറെ അഭിമാനമായ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ 116-ാം ജന്മവാർഷിക ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിനും നീതിയ്‌ക്കും വേണ്ടിയുള്ള ഭാരതത്തിന്റെ പോരാട്ടത്തിന്റെ പ്രതീകമായി ഭഗത് സിംഗ് എക്കാലവും നിറഞ്ഞു നിൽക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനായുള്ള ഭഗത് സിംഗിന്റെ ത്യാഗവും അചഞ്ചലമായ സമർപ്പണ ബോധവും വരും തലമുറകളെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഭഗത് സിംഗിന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. ഇന്ത്യൻ വിപ്ലവകാരിയുടെ ദേശസ്‌നേഹവും അദ്ദേഹത്തിന്റെ ചിന്തകളും കാലങ്ങളായി രാജ്യസേവനത്തിന്റെ മൂല്യം ജ്വലിപ്പിക്കുമെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിക്കുകയുണ്ടായി. ഒരു വശത്ത് ദേശസ്‌നേഹം കൊണ്ട് ഭഗത് സിംഗ് വിദേശ ഭരണത്തെ മുട്ടുകുത്തിക്കിച്ചു. മറുവശത്ത്, തന്റെ ആശയങ്ങൾ ഉപയോഗിച്ച് വിഭജിച്ച ഇന്ത്യയെ സ്വാതന്ത്ര്യസമരത്തിലൂടെ ഒന്നിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗത്തിലൂടെ ഭഗത് സിംഗ് ഇന്ത്യയെ ശക്തമാക്കി എന്നും അമിത് ഷാ പറഞ്ഞു.
പഞ്ചാബിലെ ലിയാൽപൂർ ജില്ലയിലെ ബംഗ ഗ്രാമത്തിൽ 1907 സെപ്റ്റംബർ 27 ന് ആണ് ഭഗത് സിംഗ് ജനിച്ചത്. ഇന്ത്യൻ സോഷ്യലിസ്റ്റ് വിപ്ലവകാരിയായാണ് രാജ്യം എക്കാലവും ഭഗത് സിംഗിനെ ഓർമ്മിക്കുക. ജയിലിലെ നിരാഹാരസമരത്തിലെ പ്രധാനിയായിരുന്നു ഭഗത് സിംഗ്. 23-ാം വയസ്സിൽ വധശിക്ഷയ്‌ക്ക് ശേഷം രക്തസാക്ഷിയായും രാജ്യത്തെ നായകനുമായി ഭഗത് സിംഗ് മാറുകയായിരുന്നു.