Latest News

പിപി മുകുന്ദേട്ടന് കണ്ണീരിൽ കുതിർന്ന യാത്ര മൊഴി

Published

on

ബിജെപിയുടെ കേരളത്തിലെ മുതിർന്ന നേതാവും ആർഎസ്എസ് പ്രചാരകനുമായിരുന്ന പിപി മുകുന്ദന്റെ സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്‌ക്ക് ശേഷം കുടുബ ശ്മശാനത്തിൽ നടക്കും. പുലർച്ചെ 5.15-ഓടെ കണ്ണൂർ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ഭൗതികദേഹം പൊതുദർശനത്തിന് എത്തിച്ചു. പേരാവൂർ മണത്തണയിലെ വീട്ടിൽ ഭൗതിക ദേഹം എത്തിച്ച് അവിടെ പൊതു ദർശനത്തിന് ശേഷമായിരിക്കും കുടുബ ശ്മശാനത്തിലേക്ക് സംസ്‌കാര ചടങ്ങുകൾക്കായി കൊണ്ട് പോവുക. മുകുന്ദേട്ടന് കണ്ണീരിൽ കുതിർന്ന യാത്ര മൊഴിയേകും ഇന്ന് ജന്മനാട്.

കോഴിക്കോട് ടൗൺ ഹാളിൽ ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയടക്കം സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളിലെ പ്രമുഖർ മുകുന്ദേട്ടന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് കോഴിക്കോട്ടെ പൊതുദർശന ചടങ്ങുകൾ പൂർത്തിയാക്കി ഭൗതികദേഹം തലശ്ശേരിയിലേക്ക് കൊണ്ട് പോവുന്നത്. കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി നേതാക്കളായ പികെ കൃഷ്ണദാസ്, എംടി രമേശ്, എഎൻ രാധാകൃഷ്ണൻ തുടങ്ങിയവർ പിപി മുകുന്ദന്റെ ഭൗതിക ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണ് പി പി മുകുന്ദന്റെ മൃതദേഹം പ്രാന്ത കാര്യാലയമായ മാധവ നിവാസിൽ എത്തിച്ചത്. കേന്ദ്ര മന്ത്രി വി മുരളീധരൻ, ഹൈബി ഈഡൻ എം പി, മേയർ അഡ്വ.എം അനിൽകുമാർ, മുൻ എം പി സുരേഷ് കുറുപ്പ്, ബി ജെ പി നേതാക്കളായ ഡോ.കെ എസ് രാധാകൃഷ്ണൻ, എ എൻ രാധാകൃഷ്ണൻ, ആർ എസ് എസ് പ്രാന്തകാര്യവാഹ് പി എൻ ഈശ്വരൻ, പ്രാന്തപ്രചാരക് എസ് സുദർശൻ, സംഘടനാ സെക്രട്ടറി കെ സുഭാഷ് എന്നിവർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

വൈകുന്നേരം തൃശൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോയ ഭൗതികദേഹത്തെ നേതാക്കൾ അനുഗമിച്ചു. കടന്നു പോയ വഴികളിലെല്ലാം നിരവധി പ്രവർത്തകർ തങ്ങളുടെ പ്രിയപ്പെട്ട മുകുന്ദേട്ടനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘം എന്ന പ്രസ്ഥാനം കേരളത്തിന് സംഭാവന ചെയ്ത കരുത്തുറ്റ സംഘാടകരില്‍ ഒരാളായിരുന്നു പി.പി. മുകുന്ദന്‍. സംഘത്തിന്റെ സ്വയംസേവകന്‍, പ്രചാരകന്‍, ബിജെപി നേതാവ് എന്നീ നിലകളില്‍ സംഘടനാ ജീവിതത്തിലും സമൂഹത്തിലും വ്യക്തിമുദ്രപതിപ്പിക്കാന്‍ മുകുന്ദേട്ടനായി. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ഇന്നുകാണുന്ന വളര്‍ച്ചയില്‍ മുകുന്ദേട്ടന്റെ പതിറ്റാണ്ടുകള്‍ നീണ്ട സമര്‍ത്ഥവും സമഗ്രവുമായ പ്രവര്‍ത്തനം നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.

സംഘപ്രചാരകനെന്ന നിലയില്‍ സ്വയംസേവകരോട് സ്നേഹത്തോടെ മാത്രം പെരുമാറിയിരുന്ന സ്നേഹ നിധിയായ മനസ്സിനുടമയായിരുന്നു അദ്ദേഹം. പ്രവർത്തകരെ വിവിധ പ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധവച്ചിരുന്നു. സ്വയംസേവകരില്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നിറയ്‌ക്കുന്നതില്‍ എപ്പോഴും വിജയിച്ച പ്രചാരകനായിരുന്നു അദ്ദേഹം. ഒരു സംഘാടകന് ആവശ്യമായ അപൂര്‍വമായ ഗുണങ്ങള്‍ പി പി മുകുന്ദനിൽ ധാരാളമായിരുന്നു. ഒരിക്കല്‍ പരിചയപ്പെടുന്നവരെ പിന്നീട് ഒരിക്കലും അദ്ദേഹം മറക്കാറില്ല. അവരുമായുള്ള ബന്ധം ഊഷ്മളമായി എന്നും ഇപ്പോഴും നിലനിർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version