Latest News
പിപി മുകുന്ദൻ യാത്രയായി, സ്വപ്‌നങ്ങൾ സഫലമാകാത്ത നൊമ്പരങ്ങൾ ബാക്കി വെച്ച്…
തിരുവനന്തപുരം . പിപി മുകുന്ദൻ ഓർമയാകുന്നതോടെ കേരളത്തിലെ ബിജെപിയുടെ ഒരു യുഗമാണ് അവസാനിക്കുന്നത്. അതികായനായ, അതുല്യ സംഘാടകന്റെ മടക്കയാത്രകൂടിയാണത്. ചവിട്ടി തള്ളി ഓരം കെട്ടിയ ആ അതികായൻ ഒടുവിൽ വേദനയോടെയായിരുന്നു യാത്രയായത്. പല മാധ്യമങ്ങളിലും കൊടുത്ത ഒടുക്കത്തെ അഭിമുഖങ്ങളിൽ ആ മനസിന്റെ നൊമ്പരം വ്യക്തമായിരുന്നു. ബുധനാഴ്ച അദ്ദേഹത്തിന് യാത്രാമൊഴി ചൊല്ലി പൂക്കളെറിഞ്ഞു യാത്രയാക്കാൻ എല്ലാവരും എത്തും. പി പി മുകുന്ദനെ വാനോളം പുകഴ്ത്തും. ബി ജെ പി യുടെ കാരണവരെന്നു വാഴ്ത്തും.
സംസ്ഥാന നേതൃത്വത്തിന്റെ നേർവഴി തെറ്റിയ പോക്കിൽ അദ്ദേഹത്തിന് പ്രതിഷേധം ഉണ്ടായിരുന്നു. തന്നെ ചവിട്ടി തള്ളിയതിനേക്കാൾ, അപ്പോഴും പാർട്ടിയുടെ വളർച്ചയാണ് മുകുന്ദൻ എന്ന ബി ജെ പി നേതാവ് സ്വപ്നം കണ്ടിരുന്നത്, ആഗ്രഹിച്ചിരുന്നത്. അതിനായി നടത്തിയ തുറന്നു പറച്ചിലുകൾ പാർട്ടി നേതൃത്വത്തിലുള്ളവർക്ക് സുഖിക്കുന്നതായിരുന്നില്ല. ‘ദേശീയ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച അതുല്യ സംഘാടകനായിരുന്നു പിപി മുകുന്ദനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ’ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്. ‘വ്യക്തിപരമായ വളരെ അടുപ്പവും സ്നേഹവും പ്രകടിപ്പിച്ചിരുന്ന അദ്ദേഹം എന്നും ഒരു പ്രചോദനമായിരുന്നു’ എന്നും സുരേന്ദ്രൻ കുറിച്ചിട്ടുണ്ട്.
പിപി മുകുന്ദനെ ബിജെപിയിൽ ഒരു കാരണവരുടെ സ്ഥാനത്തേക്ക് മാറ്റിയിരുത്തുക യായിരുന്നു. പാർട്ടിയിലെ അധികാര കസേരകൾക്ക് വേണ്ടി മുകുന്ദൻ്റെ പ്രവർത്തന മികവിനെ മനഃപൂർവം കണ്ടില്ലെന്നു നടിക്കുകയായിരുന്നു എന്നതാണ് യാഥാർഥ്യം. ഇക്കാര്യത്തിൽ പാർട്ടിയുടെ നേതൃ നിരയിലുള്ളവർക്കുള്ള പങ്ക് തള്ളിക്കളയാനും മറക്കാനും ആവില്ല. ഒരു യഥാർത്ഥ സ്വയം സേവകനെ സംബന്ധിച്ചിടത്തോളം പൊറുക്കാനും കഴിയില്ല.
പി പി മുകുന്ദൻ നേരിട്ട് വന്ന ഒറ്റപ്പെടുത്തലുകളുടെ പേരിലാണ് സ്വാമി ഭദ്രാനന്ദ് ബി ജെ പി നേതൃത്വവുമായി അകലുന്നത്. പാർട്ടിയിൽ നിന്നുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾക്ക് മുൻപ് പോലും പി പി മുകുന്ദൻ സ്വാമി ഭദ്രാനന്ദുമായി തന്റെ നൊമ്പരങ്ങൾ പങ്ക് വെച്ചിരുന്നു. ബി ജെ പി കേരള നേതൃത്വത്തിനെതിരെ സ്വാമി ഭദ്രാനന്ദ് ആഞ്ഞടിച്ചത്. തുടർന്ന് മുകുന്ദന്റെ ശബ്ദം സ്വാമി ഭദ്രാനന്ദ് വഴി കേരളം കേൾക്കുന്നതാണ് കാണാനായത്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് പോലും ഏറെ സ്നേഹിച്ചിരുന്ന സ്വാമി ഭദ്രാനന്ദയുടെ കുടുംബവുമായി പി പി മുകുന്ദൻ ബന്ധപ്പെട്ടിരിക്കുന്നു. സ്വാമി ഭദ്രാനന്ദയുടെ അമ്മയുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു.
ഹീര ബാബു എന്ന റിയൽ എസ്റ്റേറ്റ് പ്രൊമോട്ടർ പതിവായി തന്റെ ഫ്ലാറ്റ് സമുച്ഛയങ്ങൾ പി പി മുകുന്ദനെ കൊണ്ട് തറക്കല്ലിടീച്ചത് പോലും പി പി മുകുന്ദനെതിരെ പാർട്ടിക്കുള്ളിലെ ശത്രുക്കൾ ഉപയോഗപെടുത്തിയ സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. പി പി മുകുന്ദൻ തറക്കല്ലിട്ടാൽ ഫ്‌ളാറ്റുകൾ പെട്ടെന്ന് വിറ്റുപോകുന്നു എന്ന കൈ പുണ്യം കൊണ്ടാണ് ഹീര ബാബു തറക്കല്ലിടുന്നതിന് പി പി മുകുന്ദനെ സത്യത്തിൽ വിളിച്ചിരുന്നത്. അത് ആവട്ടെ പാർട്ടിക്കുള്ളിൽ പിന്നീട് മുസ്ലിം അധോലോക ബന്ധമായി വരെ ആരോപിച്ച് പി പി മുകുന്ദനെതിരെ ചിലർ കല്ലെറിഞ്ഞു വേദനിപ്പിച്ചു.
പത്മനാഭസ്വാമി ക്ഷേത്രത്തിൽ നരേന്ദ്ര മോദിക്കായി പി പി മുകുന്ദൻ പ്രത്യേക പൂജകൾ നടത്തിയപ്പോൾ ഉറക്കം നഷ്ടപെട്ടവരുണ്ട്. മോദിയുടെ ജാതകം എഴുതിയ പി പി മുകുന്ദനെ ആർക്കും അറിയില്ല. അത് അദ്ദേഹത്തെ സ്നേഹിച്ചിരുന്നവർക്കും കുറെ യഥാർത്ഥ സ്വയം സേവകരിലും മാത്രം അറിയുന്ന സത്യമാണ്. താൻ സ്വപ്നം കണ്ട ബി ജെ പിയുടെ വളർച്ച കേരളത്തിൽ സഫലമാകാത്തതിന്റെ നൊമ്പരവുമായിട്ടായിരുന്നു പി പി മുകുന്ദന്റെ മടക്കയാത്ര. ആ മനസ്സ് അവസാന നിമിഷങ്ങളിൽ പോലും നൊമ്പരപെട്ടിരുന്നത് അത് ഓർത്തു മാത്രമായിരുന്നു.
‘സമ്പന്നതയും ദാരിദ്ര്യവും ഒരുവന്റെ മനോഭാവത്തെ ആശ്രയിച്ചാണ് നിർണയിക്കപ്പെടേണ്ടത്. എത്ര ധനികനായാലും പോരാ പോരാ എന്ന മനോഭാവമുള്ളവൻ ദരിദ്രനാണ്’ – ശ്രീനാരായണ ഗുരു