Latest News

പാക് സ്വദേശിനിയായ ഖമർ മൊഹ്സിൻ ഷെയ്ഖ് പ്രധാനമന്ത്രിക്ക് രാഖി കെട്ടാൻ ന്യൂഡൽഹിലെത്തും

Published

on

നരേന്ദ്ര മോദിയുടെ രാഖി സഹോദരിയാണ് പാക് സ്വദേശിനിയായ ഖമർ മൊഹ്സിൻ ഷെയ്ഖ് അറിയപ്പെടുന്നത്. ഈ രക്ഷാ ബന്ധനോടനുബന്ധിച്ച് പ്രധാനമന്ത്രിക്ക് രാഖി കെട്ടാൻ ഖമർ മൊഹ്‌സിൻ ഷെയ്ഖ് ന്യൂഡൽഹിലെത്തും. ഖമർ മൊഹ്സിൻ ഷെയ്ഖ് എന്ന പാക് സ്വദേശിനി നരേന്ദ്ര മോദിക്ക് രാഖി കെട്ടാന്‍ തുടങ്ങിയിട്ട് മുപ്പതോളം വർഷങ്ങൾ പിന്നിടുന്നു. ഇത്തവണ സ്വന്തമായി തയ്യാറാക്കിയ രാഖിയുമായാണ് ഖമർ മൊഹ്സിൻ ഷെയ്ഖിന്റെ വരവ്. പാക്കിസ്ഥാന്‍ സ്വദേശിനിയായ മൊഹ്സിൻ വിവാഹശേഷമാണ് ഗുജറാത്തിൽ എത്തുന്നത്.

‘ഞാൻ അ‍‍‍‍ദ്ദേഹത്തിനു വേണ്ടി പ്രത്യേകമായി ചുവന്ന നിറത്തിലുള്ള ഒരു രാഖി ഉണ്ടാക്കിയിട്ടുണ്ട്. ഞാൻ തന്നെയാണ് രാഖി ഉണ്ടാക്കിയത്. ചുവപ്പ് നിറം ശക്തിയുടെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹം ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകാൻ ഞാൻ പ്രാർത്ഥിച്ചിരുന്നു. അതുപോലെ സംഭവിച്ചു. രാഖി കെട്ടുമ്പോഴെല്ലാം അദ്ദേഹം പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം ഞാൻ പ്രകടിപ്പിക്കാറുണ്ടായിരുന്നു. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ദൈവം നിറവേറ്റും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇപ്പോൾ പ്രധാനമന്ത്രിയെന്ന നിലയിൽ രാജ്യത്തിന് വേണ്ടി സ്തുത്യർഹമായ പ്രവർത്തനമാണ് മോദി കാഴ്ച വെച്ച് വരുന്നത്.’ ഖമർ പറഞ്ഞു.

‘ഇത്തവണ അദ്ദേഹത്തിന് കൃഷിയെക്കുറിച്ചുള്ള ഒരു പുസ്തകവും ഞാൻ സമ്മാനിക്കും. അദ്ദേഹം വായന ഇഷ്ടപ്പെടുന്നയാൾ ആണ്. കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി, കോവിഡ് കാരണം എനിക്ക് അദ്ദേഹ​ത്തിന് രാഖി കെട്ടാൻ പോകാൻ ആയില്ല. എന്നാൽ ഇത്തവണ ഞാൻ അദ്ദേഹത്തെ നേരിട്ട് കാണും’ ഖമർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

കഴിഞ്ഞ വർഷം പ്രധാനമന്ത്രിക്ക് ഖമർ രക്ഷാബന്ധൻ ആശംസകൾ അയക്കുകയായിരുന്നു.. കോവിഡ് സാഹചര്യങ്ങൾ മൂലമാണ് നേരിട്ട് കാണാനാകാഞ്ഞത്. ഈ വർഷം രക്ഷാബന്ധൻ ദിനത്തിൽ അദ്ദേഹത്തെ കാണാൻ താൻ കാത്തിരിക്കുകയാണെന്ന് ഖമർ മൊഹ്സിൻ ഷെയ്ഖ് പറഞ്ഞു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചു പറഞ്ഞ ഖമർ ‘നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന് അതിനുള്ള കഴിവുകൾ ഉണ്ട്. വീണ്ടും വീണ്ടും അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’, എന്നാണ് പ്രതികരിച്ചത്.

രക്ഷാബന്ധൻ ദിനത്തിൽ, സഹോദരിമാർ തങ്ങളുടെ സഹോദരൻമാരുടെ കൈത്തണ്ടയിൽ രാഖി കെട്ടി അവരുടെ ഐശ്വര്യത്തിനും ദീർഘായുസിനും വേണ്ടി പ്രാർത്ഥിക്കും. ശ്രാവണ മാസത്തിലെ അവസാന ദിവസമാണ് രക്ഷാബന്ധൻ ആഘോഷിക്കുക. ഇത് സാധാരണയായി ഓഗസ്റ്റ് മാസമായിരിക്കും. മനോഹരമായ രാഖികൾ കെട്ടുക, വീട്ടിലുണ്ടാക്കുന്ന മധുരപലഹാരങ്ങളും സമ്മാനങ്ങളും കൈമാറുക, പൂജ എന്നീ ആചാരങ്ങളൊക്കെയാണ് രക്ഷാബന്ധൻ ദിവസത്തോടനുബന്ധിച്ച് നടക്കുക. ഹൈന്ദവ വിശ്വാസികൾ വളരെ പവിത്രമായി കൊണ്ടാടുന്ന ഒരു ആഘോഷ ദിനമാണ് രക്ഷാബന്ധൻ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version