Latest News

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തലേദിവസം നാമജപയാത്ര ക്കെതിരെ എടുത്ത കേസ് പിന്‍വലിച്ച്, വോട്ടിനായി No1 തരികിട

Published

on

എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കുമെന്ന് പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിയായിരിക്കെ അറിയിപ്പ്. കേസ് പിൻവലിക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു എന്നും, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മനു ആർ ആണ് കന്റോൺമെന്റ് പൊലീസിന് നിയമോപദേശം നൽകിയതെന്നുമാണ് വിശദീകരണം.

ഘോഷയാത്രയിൽ പൊതുമുതൽ നശിപ്പിച്ചിട്ടില്ല. സ്പർദ്ദ ഉണ്ടാക്കണമെന്ന ഉദ്ദേശവുമുണ്ടായിരുന്നില്ല, ഘോഷയാത്രക്കെതിരെ ഒരു വ്യക്തിയോ സംഘടനയോ പരാതിപ്പെട്ടിട്ടുമില്ല, അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നീ വസ്തുതകള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് പിൻവലിക്കാമെന്ന് കന്റോമെന്റ് പൊലീസിന് നിയമോപദേശം ലഭിച്ചതെന്നാണ് ന്യായീകരണം. സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ ‘ഗണപതി മിത്ത് ‘ പരാമര്‍ശത്തിനെതിരെ ആയിരുന്നു നാമജപയാത്ര നടന്നത്. ഘോഷയാത്രക്കെതിരെ ഒരു വ്യക്തിയോ സംഘടനയോ പരാതിപ്പെട്ടിട്ടുമില്ല, അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നീ വസ്തുതകള്‍ പോലീസിന് അറിയാമെന്നിരിക്കെ കേസെടുത്തത് രാഷ്ട്രീയ ദുഷ്ടലാക്കോടെയായിരുന്നു എന്നതാണ് ഇതോടെ വ്യക്തമാകുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നാമജപഘോഷയാത്ര നടത്തിയത്. എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെതിരെയും കണ്ടാലറിയാവുന്ന ആയിരത്തോളം പ്രവർത്തകരെയും പ്രതി ചേർത്താണ് കന്റോൺമെന്റ് പോലീസ് കേസെടുക്കുന്നത്. അനധികൃതമായി കൂട്ടംചേരൽ,​ ഗതാഗത തടസം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. അനുമതി തേടാതെയാണ് മാർച്ച് നടത്തിയതെന്ന് സർക്കാ‌ർ കോടതിയെ അറിയിക്കുകയും ഉണ്ടായി.. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുന്നത് വെല്ലുവിളിയാകും എന്നതാണ് ശ്രദ്ധേയം. ഈ സാഹചര്യത്തിലാണ് പോലീസ് നിയമോപദേശം കിട്ടിയെന്നു പറഞ്ഞു പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ ഒരു ദിവസം മുൻപ് കേസ് പിൻവലിക്കുന്നതായി അറിയിച്ചിരിക്കുന്നത്.

നേരത്തെ നാമജപ യാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസിന്റെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തലേദിവസം കേസ് പിൻവലിക്കാനുള്ള നിയമോപദേശം ലഭിച്ചത് എൻ.എസ്.​എസിനെ അനുനയിപ്പിക്കാനുള്ള സർക്കാരിന്റെ രാഷ്ട്രീയ തന്ത്രമാണെന്നു ചോറ് തിന്നുന്നവർക്കെല്ലാം അറിയാം.

(വാൽ കഷ്ണം : എൻ.എസ്.​എസിനെ അനുനയിപ്പിക്കാൻ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തലേദിവസം നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കുന്നു, കാട്ടി കൂട്ടിയതൊക്കെ ഒരു നാടകം )

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version