Latest News
മോദിക്ക് ‘ദി ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ’ സമ്മാനിച്ച് വരവേറ്റ് ഗ്രീക്ക് ജനത
ഏഥൻസ് . ഗ്രീസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ദി ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ’ സമ്മാനിച്ച് ഗ്രീക്ക് ജനത വരവേറ്റു. ഗ്രീസിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഗ്രീസ് മോദിക്ക് നൽകിയത്. ഗ്രീക്ക് പ്രസിഡന്റ് കാറ്റെറിന സകെല്ലറോപൗലോയാണ് നരേന്ദ്രമോദിക്ക് ബഹുമതി നൽകി ആദരിച്ചത്. തനിക്ക് ലഭിച്ച ബഹുമതി ഗ്രീസിലെ ജനങ്ങൾ ഇന്ത്യയോട് പുലർത്തുന്ന ബഹുമാനത്തിന്റെ സൂചകമാണെന്ന് നരേന്ദ്രമോദി പറഞ്ഞു.
രണ്ട് പുരാതന ജനാധിപത്യ ആശയങ്ങളും രണ്ട് പുരാതന വ്യാപാര സാംസ്കാരിക ബന്ധങ്ങളും കൊണ്ട് ഇന്ത്യയും ഗ്രീസും പൊരുത്തപ്പെട്ടു പോകുന്നതായും, പ്രതിരോധം, സുരക്ഷ, കൃഷി തുടങ്ങിയ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളതായും ഗ്രീക്ക് പ്രധാനമന്ത്രി മിത്സോതാകിസുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും. ഏഥൻസിൽ വച്ചാണ് പ്രതിനിധി തല ചർച്ചകൾ നടന്നത്. ഇന്ത്യയും ഗ്രീസും ഭൗമരാഷ്‌ട്രീയ, പ്രാദേശിക വിഷയങ്ങളിൽ നല്ല സഹകരണമാണെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 40 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ഗ്രീസ് സന്ദർശനമാണിത്. സമീപ വർഷങ്ങളിൽ ഇന്ത്യ-ഗ്രീക്ക് ബന്ധം വളരെയധികം മെച്ചപ്പെട്ടു. വിശാലമായ ഉഭയകക്ഷി സഹകരണത്തിന് ഇന്ന് അവസരമുണ്ട്. സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകാനുള്ള വഴികളെപ്പറ്റിയും ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. ചന്ദ്രയാൻ-3യുടെ വിജയത്തിൽ ഇന്ത്യയെ കിരിയാക്കോസ് മിത്സോതാകിസ് അഭിനന്ദിച്ചു.