Latest News

അഭിഭാഷകന്റെ ചേംബറില്‍ പരസ്പരം മാലയിട്ടോ മോതിരം കൈമാറിയോ വിവാഹം നടത്താമെന്ന് സുപ്രീം കോടതി

Published

on

അഭിഭാഷകന്റെ ചേംബറില്‍ വരനും വധുവും പരസ്പരം മാലയും മോതിരവും കൈമാറി, ലളിതമായ ചടങ്ങിലൂടെയും ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹം നടത്താമെന്ന് സുപ്രീം കോടതി. അപരിചിതരായ ആളുകളുടെ മുന്നില്‍ വെച്ച് രഹസ്യമായി നടത്തുന്ന വിവാഹം ഹിന്ദു മാരേജ് ആക്ട് പ്രകാരം സാധുവല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി അസാധുവാക്കികൊണ്ടാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

രണ്ട് ഹിന്ദുക്കള്‍ തമ്മില്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മറ്റ് വ്യക്തികളുടെയോ സാന്നിധ്യത്തില്‍, നടക്കുന്ന ഏത് വിവാഹത്തിനും സാധുതയുണ്ടെന്ന് അനുച്ഛേദം 7-എയില്‍ പറയുന്നുണ്ട്. സാധുവായ ഒരു വിവാഹത്തിന് ഒരു പുരോഹിതന്റെ സാന്നിധ്യം ആവശ്യമില്ല എന്നതാണ് ഈ വ്യവസ്ഥയിൽ എടുത്ത് പറയുന്നത്. മാരേജ് ആക്ട് അനുച്ഛേദം 7(എ) പ്രകാരം, സഹൃത്ത് അല്ലെങ്കിൽ, ബന്ധു അല്ലെങ്കിൽ സാമൂഹികപ്രവര്‍ത്തകന്‍ തുടങ്ങിയ നിലയില്‍ അഭിഭാഷകര്‍ക്ക് വിവാഹം നടത്താമെന്നു ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ടും അരവിന്ദ് കുമാറും അടങ്ങുന്ന ബെഞ്ച് ഉത്തരവിടുകയായിരുന്നു.

വിവാഹിതരാകാൻ താത്പര്യപ്പെടുന്ന കക്ഷികള്‍ക്ക് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മറ്റ് വ്യക്തികളുടെയോ സാന്നിധ്യത്തില്‍ അത് നടത്താമെന്നും കക്ഷികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഭാര്യയായോ ഭര്‍ത്താവായോ സ്വീകരിക്കുന്നു എന്നു പറയാമെന്നും അനുച്ഛേദത്തില്‍ വ്യക്തമാക്കുന്നു. വരനും വധുവും പരസ്പരം മാല ചാര്‍ത്തുകയോ വിരലില്‍ മോതിരം ഇടുകയോ താലി കെട്ടുകയോ ചെയ്യുന്ന ലളിതമായ ചടങ്ങിലൂടെ വിവാഹം പൂര്‍ത്തിയാകും. സാധുവായ വിവാഹത്തിന് പരസ്പരം മാലയിടുന്നതോ,മോതിരം കൈമാറുന്നതോ, താലികെട്ടുകയോ, ഏതെങ്കിലും ചണ്ഡാങ്ങുകൾ മതിയാകും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുത്ത അഭിഭാഷകര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ച മദ്രാസ് ഹൈക്കോടതിയുടെ 2023 മേയ് അഞ്ചിലെ ഉത്തരവിനെതിരേ നല്‍കിയ ഹര്‍ജി സുപ്രീം കോടതി അംഗീകരിക്കുകയാണ് ഉണ്ടായത്. അഭിഭാഷകരെ സാധുവാക്കി നടത്തുന്ന വിവാഹം സാധുവല്ലെന്ന് 2014-ല്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇത് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇപ്പോള്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version