Latest News
മണിപ്പൂര്‍ സംഘര്‍ഷം, ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടികൂടി
മണിപ്പൂരില്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുന്നത് തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 7 ആയുധങ്ങളും എണ്‍പത്തിയൊന്ന് വെടിക്കോപ്പുകളുമാണ് സുരക്ഷാസേന പിടിച്ചെടുത്തിരിക്കുന്നത്. കാങ്പോക്പി, തെങ്നൗപാല്‍, ഇംഫാല്‍ ഈസ്റ്റ് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുള്ളത്. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബാല്‍, കാക്ചിംഗ്, ചുരാചന്ദ്പൂര്‍, തെങ്നൗപാല്‍, കാങ്പോക്പി, ബിഷ്ണുപൂര്‍ ജില്ലകളിലും സുരക്ഷാ സേന തിരച്ചില്‍ നടത്തി വരുകയാണ്.
മണിപ്പൂരിൽ വിവിധ ജില്ലകളിലായി ഇതുവരെ 129 ചെക്ക്പോസ്റ്റുകള്‍ പോലീസ് സ്ഥാപിച്ചു കഴിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 1369 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഗസ്റ്റ് 20 ന് രാത്രി ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഗോളില്‍ അജ്ഞാതരായ അക്രമികള്‍ നാല് വീടുകള്‍ക്കും ഒരു കമ്മ്യൂണിറ്റി ഹാളിനും തീയിടുകയുണ്ടായി. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കുന്നത്. സംഭവത്തില്‍ ആറ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മേയ് 3 ന് മലയോര ജില്ലകളില്‍ നടന്ന ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെടുന്നത്. പട്ടികവര്‍ഗ (എസ്ടി) പദവിക്കായുളള മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് ആയിരുന്നു മാർച്ച് നടന്നത്. സംഘര്‍ഷത്തില്‍ 160-ലധികം ആളുകള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഉണ്ടായി. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തേയികള്‍ പ്രധാനമായും ഇംഫാല്‍ താഴ്വരയിലാണ് ഉള്ളത്. നാഗകളും കുക്കികളും ഉള്‍പ്പെടുന്ന ഗോത്രവര്‍ഗക്കാര്‍ മലയോര ജില്ലകളിലാണ് താമസിച്ചു വരുന്നത്.