Latest News

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് വധശ്രമക്കേസില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയും, കോടതിയിൽ കീഴടങ്ങി

Published

on

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് വധശ്രമക്കേസില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്നെന്നു റിപ്പോർട്ടുകൾ. വധശ്രമ കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന ജെയ്ക് കോട്ടയം അഡീഷനല്‍ സബ് കോടതിയില്‍ കീഴടങ്ങി. തുടർന്ന് ജാമ്യം അനുവദിച്ചു. എംജി സര്‍വകലാശാലയിലേക്ക് 2012ല്‍ യൂത്ത് ഫ്രണ്ട് (എം) നടത്തിയ മാര്‍ച്ചിനു നേരെ ക്യാംപസിനുള്ളില്‍ നിന്ന് കല്ലെറിഞ്ഞ കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അക്രമത്തിൽ അന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്ന മൈക്കിള്‍ ജയിംസിന്റെ ചെവി മുറിഞ്ഞിരുന്നു. ഇതിൽ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

കേസില്‍ അഞ്ചാം പ്രതിയായിരുന്ന ജെയ്ക് കോടതിയില്‍ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകര്‍ത്ത കേസിലും ജെയ്ക് സി തോമസ് കീഴടങ്ങിയിരുന്നു. സംഭവം നടക്കുമ്പോൾ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജെയ്ക് കേസിലെ ഒന്നാം പ്രതിയാണ്. 2016-ലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ജെയ്ക് പ്രചാരണ തിരക്കിലാണിപ്പോൾ. മൂന്നാം വട്ടവും പുതുപ്പള്ളിയില്‍ ജനവിധി തേടുന്ന ജെയ്ക് കഴിഞ്ഞ ദിവസം വരണാധികാരി കോട്ടയം ആര്‍ഡിഒ വിനോദ് രാജ് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി ആഗസ്റ്റ് 24ന് മുഖ്യമന്ത്രി പിണറായി വിജയനും പുതുപ്പള്ളിയിലെത്തുകയാണ്. അയര്‍ക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളില്‍ നടക്കുന്ന പ്രചാരണ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. രണ്ടുഘട്ടമായാണ് മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടി ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version