Latest News
ഇന്ത്യയുടെ ചന്ദ്രയാൻ -3 ദൗത്യം സ്ത്രീശക്തിയുടെ ഒടുവിലത്തെ ഉദാഹരണം, പ്രധാനമന്ത്രി
ന്യൂഡൽഹി . ഇന്ത്യയുടെ ചന്ദ്രയാൻ -3 ദൗത്യം സ്ത്രീശക്തിയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് മൻകി ബാത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 104-ാം എപ്പിസോഡിലാണ് പ്രാധാനമന്ത്രി ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞരെ പ്രശംസിച്ചത്. നിരവധി വനിതാ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും ഈ ദൗത്യത്തിൽ നേരിട്ട് പങ്കാളികളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീശക്തി കൂടി ചേരുമ്പോൾ, അസാധ്യമായത് എന്തും സാദ്ധ്യമാകുമെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ പെൺമക്കൾ ഇപ്പോൾ ബഹിരാകാശത്തിന്റെ അനന്തമായ വിസ്തൃതിയെപ്പോലും വെല്ലുവിളിക്കുന്നു. ഒരു രാജ്യത്തിന്റെ പെൺകുട്ടികളുടെ സ്വപ്‌നങ്ങൾ മനോഹരമാകുമ്പോൾ, ആ രാജ്യത്തെ വികസന കാര്യത്തിൽ ആർക്കും തടയാൻ സാധിക്കുകയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചന്ദ്രയാൻ -3 ന്റെ വിജയം വളരെ വലുതാണ്. അതിനെക്കുറിച്ച് എത്ര ചർച്ച ചെയ്താലും മതിയാകില്ല. എല്ലാവരുടെയും ഒരുമിച്ചുള്ള പ്രയത്‌നം തന്നെയാണ് ചന്ദ്രയാൻ മൂന്നിന്റെ വിജയം. എല്ലാ സാഹചര്യങ്ങളിലും വിജയിക്കാൻ ആഗ്രഹിക്കുന്ന, ഏത് സാഹചര്യത്തിലും എങ്ങനെ വിജയിക്കണമെന്ന് മാത്രം ആലോചിക്കുന്ന പുതിയ ഇന്ത്യയുടെ ആത്മാവിന്റെ പ്രതീകമായി ചന്ദ്രയാൻ മിഷൻ മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.