Crime
കൊല്ലത്ത് ഭാര്യയെ വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി
കൊല്ലം . കൊല്ലത്ത് ലഹരിക്ക് അടിമയായ അറുപത്തഞ്ച്കാരൻ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ജീവനൊടുക്കി. കൊല്ലം അഞ്ചൽ കരുകോണിൽ ഷാജഹാൻ (65) ആണ് മരണപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ ഭാര്യ അനീസയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
ഷാജഹാൻ ലഹരിക്ക് അടിമയാണെന്നും എന്നും ഭാര്യയുമായി വഴക്കുണ്ടാക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ ഇരുവരും വഴിക്കിട്ട പിറകേ, ഷാജഹാൻ വെട്ടുകത്തി കൊണ്ട് അനീസയെ വെട്ടുകയായിരുന്നു. വെട്ടേറ്റ അനീസയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തി അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ കൈക്കും കാലിനും കഴുത്തിനും അനീസക്ക് പരിക്കേറ്റു. സംഭവശേഷം വാതിലടച്ച് ഷാജഹാൻ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.