Crime
പ്രസവ ശസ്ത്രക്രിയക്ക് ശേഷം സർക്കാർ നഴ്സ് ആശുപത്രിയിൽ മരിച്ചു, ചികിത്സാപ്പിഴവ് എന്ന് കുടുംബം
കോട്ടയം . പാലാ ജനറൽ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന യുവതി പ്രസവ ശസ്ത്രക്രിയക്ക് ശേഷം ഗുരുതരാവസ്ഥയിലായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ചാരുംമൂട് അശോകഭവനിൽ അശ്വജിത്തിന്റെ ഭാര്യ ആര്യമോൾ (27) ആണ് മരണപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സായിരുന്നു. ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് ആര്യമോളുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.
ഇക്കഴിഞ്ഞ 22–ാം തീയതി ആണ് ആര്യമോളെ പ്രസവത്തിനായി പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 23ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ആന്തരിക രക്തസ്രാവമുണ്ടായ യുവതിയുടെ നില വഷളായതിനെത്തുടർന്ന് 26ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച രാത്രി 11.30ന് മരിച്ചു. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അമ്പാറ ചിരട്ടയോലിപ്പാറ നല്ലൂർ പീതാംബരന്റെയും ഓമനയുടെയും മകളാണ് ആര്യമോൾ.