Latest News

ജി20 ഉച്ചകോടിയ്ക്ക് സമാപനം, ഇന്ത്യ അദ്ധ്യക്ഷ സ്ഥാനം ബ്രസീലിന് കെെമാറി

Published

on

ന്യൂ ഡൽഹി . ലോകം ഭാരതത്തിലെത്തിയ രണ്ട് ദിവസത്തെ ജി20 ഉച്ചകോടിയ്ക്ക് സമാപനം. ജി20 അദ്ധ്യക്ഷപദവി ബ്രസീലിന് കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20 അദ്ധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കെെമാറിയതിനൊപ്പം നവംബറിൽ ജി20 വെർച്വൽ ഉച്ചകോടി നടത്തണമെന്ന ശുപാർശയും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകി. നവംബർ അവസാനത്തിൽ ജി20യുടെ വെർച്വൽ സെഷന് നടത്തുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

2023 നവംബർ വരെ ജി20 അദ്ധ്യക്ഷപദവിയുടെ ഉത്തരവാദിത്തം ഭാരതത്തിനുണ്ട്. ഈ രണ്ട് ദിവസങ്ങളിൽ പങ്കുവെച്ച നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഈ അവസരത്തിൽ അവലോകനം ചെയ്യും. നവംബർ അവസാനം ഞങ്ങൾ ജി20-യുടെ വെർച്വൽ സെഷൻ നടത്തണമെന്ന് നിർദ്ദേശിക്കുന്നു. ഉച്ചകോടിയിൽ തീരുമാനമായ വിഷയങ്ങൾ വെർച്വൽ സെഷനിൽ അവലോകനം ചെയ്യാം. ഇവിടെ പങ്കുച്ചേർന്ന എല്ലാവരും വെർച്വൽ സെഷനിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ ജി20 ഉച്ചകോടി സമാപിച്ചതായി പ്രഖ്യാപിക്കുന്നു-പ്രധാനമന്ത്രി പറഞ്ഞു. പിന്നാലെ ജി20 ഉച്ചകോടിയുടെ അദ്ധ്യക്ഷപദവി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയ്‌ക്ക് കൈമാക്കുകയായിരുന്നു.

സ്‌ത്രീ ശാക്തീകരണത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ ചർച്ചയ്ക്ക് ഉണ്ടായി. സമാപന ദിവസമായ ഞായറാഴ്ച രാവിലെ ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ ഒന്നിച്ച് രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കുകയുണ്ടായി. യുക്രെയിൻ അധിനിവേശത്തിൽ റഷ്യയെ കുറ്റപ്പെടുത്താതെ സംയുക്ത പ്രഖ്യാപനമാണ് ഇന്ത്യ നടത്തിയത്. വികസ്വര രാഷ്‌ട്രങ്ങൾക്ക് അംഗീകാരമായി ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം ജി 20 നൽകി. ഇന്ത്യയുടെ ഗംഭീര നയതന്ത്ര വിജയത്തിനാണ് ജി 20 ഉച്ചകോടി ഇന്നലെയും ഇന്നും സാക്ഷ്യമായത്.

യുക്രെയിൻ അധിനിവേശത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും മറ്റ് പാശ്ചാത്യ ശക്തികളും എതിർക്കുന്ന റഷ്യയ്‌ക്കെതിരെ സംയുക്ത പ്രഖ്യാപനത്തിൽ പരാമർശമുണ്ടാകുന്നത് ഒഴിവാക്കാനുള്ള ഇന്ത്യൻ ശ്രമങ്ങൾ വിജയം കണ്ടു. ഇന്ത്യയുടെ ദീർഘകാല സുഹൃത്തായ റഷ്യയെ കുറ്റപ്പെടുത്താതെ തന്നെ യുദ്ധവിരുദ്ധ സന്ദേശം നൽകുന്നതായിരുന്നു പ്രഖ്യാപന രേഖ. സമവായമുണ്ടാക്കാൻ ഇന്തോനേഷ്യയും ദക്ഷിണാഫ്രിക്കയും ബ്രസീലും വികസ്വര രാജ്യങ്ങളിലെ വിപണികളിൽ താത്പര്യമുള്ള രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു.

ദശലക്ഷക്കണക്കിന് മനുഷ്യർ ഇപ്പോഴും പട്ടിണി കിടക്കുന്ന, സുസ്ഥിര വികസനം ഇപ്പോഴും കൈവരിക്കാൻ കഴിയാത്ത ഒരു ലോകമാണ് ഇന്നുള്ളത്. ഇപ്പോഴും ഈ യാഥാർത്ഥ്യം ഭൂമിയിൽ പ്രതിഫലിക്കുന്നു. വരുമാനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭക്ഷണം, ലിംഗഭേദം, വംശം തുടങ്ങിയ കാര്യങ്ങളിൽ നേരിടുന്ന അസമത്വത്തെ അഭിമുഖീകരിച്ചാൽ മാത്രമാണ് പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂ. ഈ അപാകതകളെ പരിഹരിക്കുന്നതിന് സാധ്യമാകുന്നതൊക്കെ ചെയ്യുമെന്ന് അദ്ധ്യക്ഷപദവി സ്വീകരിച്ച് കൊണ്ട് ബ്രസീൽ പ്രസിഡന്റ് പറഞ്ഞു. മൂന്ന് കാര്യങ്ങളാകും ബ്രസീൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. പട്ടിണിക്കെതിരെ പോരാടി സാമൂഹികപരമായി എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ആദ്യത്തെ ലക്ഷ്യം. സുസ്ഥിര വികസനത്തിനായി ത്രിദർശനങ്ങളിലൂന്നിയ ഊർജ്ജ പരിവർത്തനമാണ് രണ്ടാമത്തെ ലക്ഷ്യം. ആഗോള ഭരണനിർവഹണ സ്ഥാപനങ്ങളെ പരിഷ്‌കരിക്കുകയാണ് മൂന്നാമത്തെ ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു. തൃപ്തികരമായ ലോകവും സുസ്ഥിരമായ ഭൂമിയും എന്നതാണ് ബ്രസീലിന്റെ പ്രമേയം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version