Latest News

ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു

Published

on

ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 98 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായി അദ്ദേഹം കിടക്കയിലായിരുന്നു. മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ പഞ്ചാബിലെ പാടശേഖരങ്ങ ളിൽ നൂ‍റു മേനി കൊയ്തെടുത്ത വിജയത്തിലൂടെയാണ് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കുന്നത്.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് 1925 ഓഗസ്റ്റ് 7നു ജനിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്.സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനാക്കുന്നത്. ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയായിരുന്നു എംഎസ് സ്വാമിനാഥന്‍. പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

1952 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പിഎച്ച് ഡി നേടിയ എംഎസ് സ്വാമിനാഥന്‍, ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തിന്റെ അതികായനായി മാറുകയായിരുന്നു. ടൈം മാഗസിന്റെ റിപ്പോർട്ട് പ്രകാരം ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു എംഎസ് സ്വാമിനാഥന്‍.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version