കോവിഡ് 19: സിനിമാ മേഖല സ്തംഭിച്ചു
കൊറോണ ഭീതിയിൽ നിശ്ചലമായിരിക്കുന്ന സിനിമ മേഖലയിൽ നിന്നും മറ്റൊരു വാർത്തകൂടി പുറത്തു വന്നിരിക്കുകയാണ്. സെൻസറിങ് നടക്കുന്ന സിനിമകളുടെ സെൻസറിങ് നിർത്തി വയ്ക്കാനാണ് ഇപ്പോൾ ഉത്തരവ് വന്നിരിക്കുന്നത്. സിബിഎഫ്‌സി ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 31 വരെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഒമ്പത് റീജിയണല്‍ ഓഫീസുകളും അടച്ചിടണമെന്നാണ് അദ്ദേഹം പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്.മാർച്ച് 31 നു ശേഷമുള്ള കാര്യങ്ങൾ കൂടി പരിഗണിച്ചതിനു ശേഷമേ ബാക്കി തീരുമാനങ്ങൾ എടുക്കൂ.
നിലവില്‍ സെന്‍സറിങ് നടന്നുകൊണ്ടിരിക്കുന്നവ ഉള്‍പ്പെടെ എല്ലാ ചിത്രങ്ങളുടെയും സ്‌ക്രീനിങ് നിര്‍ത്തിവെക്കാനാണ് പുറത്തിറക്കിയ ഉത്തരവില്‍ ഉള്ള നിര്‍ദേശം.
നിലവില്‍ ജീവനക്കാര്‍ വീട്ടില്‍ നിന്നും ജോലി ചെയ്യാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സെൻസറിങ് മാത്രമല്ല പുതിയ സിനിമകളുടെ രജിസ്‌ട്രേഷനും തത്കാലം നിർത്തിവയ്ക്കാൻ ആണ് ഫിലിം ചേമ്പറിന്റെയും തീരുമാനം. ഈ മാസം 31 വരെയാണ് റെജിസ്ട്രേഷൻ നടപടികളും നിർത്തി വയ്ക്കാൻ തീരുമാനം ആയിട്ടുള്ളത്. സിനിമ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തി വച്ച സാഹചര്യത്തിൽ കംപ്ലീറ്റ് ലോക്ക് ഡൌൺ തന്നെയാണ് കാണാൻ സാധിക്കുന്നത്. എല്ലാ അർഥത്തിലും സിനിമാമേഖല പൂർണമായും സ്തംഭിച്ചു നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഒരുപക്ഷെ എല്ലാ ഭാഷകളിലെയും സിനിമകൾ ഇങ്ങനെ ഒരുമിച്ച് സ്തംഭിച്ചു നിൽക്കുന്നത് ഇത് ആദ്യമായിട്ടായിരിക്കും. കാണാത്ത സാമ്പത്തിക നഷ്ടം കൂടിയാണ് ഇത് സിനിമ മേഖലക്ക് ഉണ്ടാകുന്നത്. ഇതിനോടകം തിയേറ്റർ ഉടമകൾ എല്ലാം തങ്ങൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ അതാത് മന്ത്രിമാരെ കണ്ട് അറിയിച്ചിട്ടുണ്ട്. എന്തായാലും കൊറോണ വൈറസ് ബാധയിൽ നിന്നും പൂർണ്ണമായും മുക്തി നേടിയതിനു ശേഷം മാത്രമേ ഇനി സിനിമ വ്യവസായം ശക്തമാക്കുകയുള്ളു. അതിന് എത്രത്തോളം ഇനി കാത്തിരിക്കണം എന്ന് കണ്ട് തന്നെ അറിയണം.