Latest News

കസ്റ്റഡിയിൽ എടുത്ത ബസ് ഡ്രൈവറെ എസ്ഐ മുഖത്ത് അടിച്ചെന്നു പരാതി

Published

on

കോഴിക്കോട് . കസ്റ്റഡിയിൽ എടുത്ത ബസ് ഡ്രൈവറുടെ മുഖത്ത് എസ്ഐ അടിച്ചെന്നു പരാതി. കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ഓടുന്ന ടാലന്റ് എന്ന ബസ് ​ഗതാ​ഗത കുരുക്ക് ഉണ്ടാക്കി എന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ടാലന്റ് ബസിന്റെ ഡ്രൈവർ ഷിബിത്തിനെയാണ് കൊയിലാണ്ടി എസ്ഐ അനീഷ് തെക്കേടത്ത് മർദ്ദിച്ചതായി പരാതി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 22-നായിരുന്നു കേസിനാസ്പദമായ സംഭവം. കൊയിലാണ്ടിയിൽ വെച്ചാണ് ബസ് ഗതാഗത കുരുക്കിൽപ്പെടുന്നത്.

ബസിന്റെ ബ്രേക്ക് ജാമാവുകയും റോഡിൽ കുടുങ്ങുകയുമായിരുന്നു എന്നാണ് ബസുടമ പറയുന്നത്. പിന്നാലെ എത്തിയ മറ്റൊരു ബസ് ടാലന്റിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന കാറുമായി ഉരസി. തുടർന്ന് സംഭവം വഷളായതോടെ പോലീസ് എത്തി ജീവനക്കാരോട് ബസ് അടുത്ത ദിവസം തന്നെ സ്റ്റേഷനിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് സ്റ്റേഷനിലെത്തിയപ്പോൾ എസ്ഐ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും ഡ്രൈവറുടെ മുഖത്തടിക്കുകയും ചെയ്തുവെന്നാണ് പരാതി ഉണ്ടായിരിക്കുന്നത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എസ്ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്പിക്കും മനുഷ്യാവകാശ കമ്മീഷനും പോലീസ് ക്ലബിനുമടക്കം ബസ് ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, സംഭവ സമയത്ത് തന്നെ ബസ് സ്റ്റേഷനിൽ എത്തിക്കാനാണ് പറഞ്ഞതെന്നും രണ്ട് ദിവസത്തിന് ശേഷമാണ് ജീവനക്കാർ ബസ് സ്റ്റേഷനിൽ ഹാജരാക്കിയതെന്നും എസ്ഐ പറയുന്നു.

ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിന് കേസ് എടുത്തിട്ടുണ്ട്. നേരത്തേയും അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഇയാൾക്കെതിരെ പരാതികളുണ്ട് എന്നാണെന്ന് പോലീസ് പറയുന്നത്. എന്നാൽ, ബസ് ഗതാഗത കുരുക്കിൽപ്പെട്ടതിന് കാരണം ബ്രേക്ക് ജാമായതാണെന്ന് ജീവനക്കാർ പറയുന്നു. അങ്ങനെ ആണെങ്കിൽ എങ്ങനെയാണ് ബസ് കണ്ണൂർ വരെ പോയി ട്രിപ്പ് എടുത്തതെന്ന് പോലീസ് ചോദിക്കുന്നുണ്ട്. ജീവനക്കാർ സ്റ്റേഷനിൽ വന്ന് പ്രകോപന ശ്രമമാണ് നടത്തിയതെന്നും എസ്ഐയും പറയുന്നുണ്ട്. പോക്കറ്റിൽ ക്യാമറ ഓൺ ചെയ്ത് വച്ച് രഹസ്യമായാണ് ബസ് ജീവനക്കാർ വീഡിയോ ചിത്രീകരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version