Latest News
രാജ്യത്തിന്റെ മുഖ്യ സേവകന് രാഖി ബന്ധിച്ച് കുട്ടികൾ, ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
ഭാരതത്തിന്റ് ഒരു ജനകീയ ആഘോഷമാണ് രക്ഷാബന്ധൻ. രാഷ്‌ട്രത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ട് ഈ ആഘോഷത്തിന്. മഹത്തായ സഹോദരി – സഹോദര ബന്ധം എന്ന സന്ദേശമാണ് രക്ഷാബന്ധൻ മഹോത്സവം രാജ്യത്തിന് തുറന്നുകാട്ടിതരുന്നത്. രാഖി ബന്ധനമാണ് ഈ ദിവസത്തിലെ പ്രധാന ചടങ്ങ്.
രാജ്യത്തിന്റെ മുഖ്യ സേവകൻ നരേന്ദ്രമോദിയും രക്ഷാബന്ധൻ ആഘോഷങ്ങളിൽ പങ്കെടുത്തു. എല്ലാ വർഷവും രക്ഷാബന്ധൻ ദിനത്തിൽ പ്രധാനമന്ത്രിയ്‌ക്ക് രാഖി ബന്ധിക്കാനായി കുട്ടികൾ എത്തുക പതിവാണ്. ഇത്തവണയും നിരവധി കുട്ടികൾ എത്തി. രക്ഷാബന്ധൻ ആഘോഷിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ തരംഗമാവുകയാണ്.
ഹൈന്ദവ വിശ്വാസികൾ പവിത്രവും പാവനവുമായാണ് രക്ഷാബന്ധൻ മഹോത്സവം കൊണ്ടാടുന്നത്. ശ്രാവണമാസത്തിലെ പൗര്‍ണമി നാളിലാണ് രക്ഷാബന്ധൻ മഹോത്സവം ആചരിക്കുക. രക്ഷാബന്ധൻ ദിനത്തിലെ പ്രധാന ചടങ്ങ് രാഖിബന്ധനമാണ്. തുടർന്ന് മധുരപലഹാരങ്ങളും വിതരണം ചെയ്ത് ചടങ്ങ് ആഘോഷമാക്കിതീര്‍ക്കുകയാണ് പതിവ്. വടക്കേ ഇന്ത്യയിൽ വൻ ആഘോഷങ്ങളാണ് രക്ഷാബന്ധന് നടക്കുന്നത്.
ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടക്കുമ്പോൾ, ദേവന്മാർ പരാജയപ്പെടാൻ തുടങ്ങി. ഇന്ദ്രൻ്റെ പത്നിയായ ‘ശചി’ ഈ സമയം, ഇന്ദ്രൻ്റെ കയ്യിൽ രക്ഷയ്ക്കായി രക്ഷാസൂത്രം (രാഖി) കെട്ടികൊടുത്തു എന്നാണ് ഐതിഹ്യം. ഈ രക്ഷാസൂത്രത്തിൻ്റെ ബലത്തിൽ ശത്രുക്കളെ പരാജയപ്പെടുത്താനുള്ള ശക്തി ഇന്ദ്രന് ലഭിച്ചു. ഇതോടെ യുദ്ധത്തിൽ ദേവന്മാർ വിജയിക്കുകയാണ്.
ഈ യുദ്ധ വിജയത്തിൻ്റെ ഓര്മ പുതുക്കുന്ന ആഘോഷമാണ് പിന്നീട് ‘രക്ഷാബന്ധനം’ എന്ന ഉത്സവമാവുന്നത്. പിന്നീട് സഹോദരി സഹോദരൻ്റെ കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തിൽ വന്നു. രാഖിയുടെ നൂലുകൾക്ക് അത്ഭുതശക്തിയുണ്ടെന്നാണ് ഹൈന്ദവ വിശ്വാസം.