Latest News
ചന്ദ്രനിൽ ഓക്‌സിജൻ, സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3
ചന്ദ്രനിൽ ഓക്‌സിജന്റെയും സൾഫറിന്റെയും സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3 നിർണ്ണായക വിവരങ്ങൾ പുറത്ത് വിട്ടു. റോവറിലെ ശാസ്ത്ര ഉപകരണമായ LIBS ആണ് പുതിയ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. ഓക്‌സിജൻ, സൾഫർ എന്നിവക്ക് പുറമെ കാൽസ്യം, അലുമിനിയം, ക്രോമിയം, മഗ്നീഷ്യം, ടൈറ്റാനിയം, സിലിക്കൺ എന്നീ മൂലകങ്ങളുടെ സാന്നിധ്യവും ഉപകരണം കണ്ടെത്തിയിട്ടുള്ളതായിട്ടാണ് റിപ്പോർട്ടുകൾ.
ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിലെ മണ്ണിൽ നേരിട്ട് ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത്. ഹൈഡ്രജൻ കണ്ടെത്താനുള്ള പരീക്ഷണങ്ങൾ നടന്നു വരികയാണെന്നാണ് ഐഎസ്ആർഒ അറിയിപ്പിൽ പറഞ്ഞിട്ടുള്ളത്. മൂലകങ്ങളുടെ സാന്നിധ്യം കാണിച്ചുള്ള ചിത്രങ്ങൾ എക്‌സിലൂടെ ഐഎസ്ആർഒ പങ്കുവെച്ചിട്ടുണ്ട്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്രോയിലെ ഇലക്ട്രോ ഒപ്റ്റിക്‌സ് ലബോറട്ടറിയാണ് ഇന്ന് ലോകം തന്നെ അത്ഭുതമായി കാണുന്ന LIBS എന്ന ഉപകരണം വികസിപ്പിച്ചെടുക്കുന്നത്.