Latest News
താൻ ഒരു ഹിന്ദു എന്നതിൽ അഭിമാനിക്കുന്നു, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
ന്യൂ ഡൽഹി . ഭാരതവുമായും ഭാരതീയരുമായും വളരെയധികം ബന്ധമുള്ള താൻ ഒരു ഹിന്ദു എന്നതിൽ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. എന്റെ ഇന്ത്യൻ വേരുകളിൽ എനിക്ക് അഭിമാനമുണ്ട്. സെപ്തംബർ 9, 10 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യ സന്ദർശിക്കുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രതികരണം. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഋഷി സുനക് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുമായി ആഴത്തിൽ ബന്ധമുള്ള ബ്രിട്ടനിലെ നിരവധി ആളുകളുടെ കഥയാണ് എന്റെയും കഥയെന്ന് പറഞ്ഞ ഋഷി സുനക് ഭാരത്തിന്റെ ശക്തി അതിന്റെ വൈവിധ്യത്തിലാണെന്നും പ്രധാനമന്ത്രിയായതിന് ശേഷം ഇത് ഞാൻ പലതവണ നേരിട്ട് കണ്ടതാണെന്നും പറയുകയുണ്ടായി.
‘അക്ഷതയ്‌ക്കൊപ്പം ജി 20യ്‌ക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയുന്നത് സന്തോഷമാണ്. ചെറുപ്പത്തിൽ ഞങ്ങൾ പോയിരുന്ന ചില സ്ഥലങ്ങൾ സന്ദർശിക്കാൻ ഞങ്ങൾക്ക് വീണ്ടും അവസരം ലഭിക്കുമെന്ന് കരുതുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനും ഇന്ത്യയും യുകെയും തമ്മിലുള്ള സഹകരണം വിവിധ ആഗോള വെല്ലുവിളികളെ നേരിടാൻ എങ്ങനെ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാം എന്നതിനെപ്പറ്റി ചർച്ച ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നതായും ഋഷി സുനക് പറഞ്ഞു.