Latest News
തടവില്‍ കഴിയുന്ന ഓങ് സാന്‍ സൂ ചിക്ക് ഗുരുതര രോഗം, വിദഗ്ധ ചികിത്സ നൽകുന്നില്ല
ബാങ്കോക്ക് . മ്യാന്‍മറില്‍ തടവില്‍ കഴിയുന്ന സമാധാന നൊബേല്‍ ജേതാവും ജനകീയ നേതാവുമായ ഓങ് സാന്‍ സൂചിക്ക് ഗുരുതര രോഗമെന്ന് റിപ്പോര്‍ട്ടുകൾ. വിദഗ്ധ ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതെ ജയില്‍ ഡോക്ടറുടെ ചികിത്സ അവർക്ക് തുടരുകയാണെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം.
കടുത്ത ഛര്‍ദ്ദിയും തലക്കറവും അനുഭവപ്പെട്ടതായി പറയുന്ന ഓങ് സാന്‍ സൂചിക്ക് രാജ്യാന്തര സമൂഹം പട്ടാള ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും മ്യാന്‍മറിന് പുറത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ യൂണിറ്റി സര്‍ക്കാര്‍ വക്താവ് ക്യോ സോ അഭ്യര്‍ത്ഥിച്ചു.
2020 നവംബറിലെ തിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നെങ്കിലും, 2021 ഫെബ്രുവരി ഒന്നിന് നടന്ന പട്ടാള അട്ടിമറിയെ തുടര്‍ന്ന് ഭരണം നഷ്ടമായ സൂ ചി ഇപ്പോള്‍ വീട്ടുതടങ്കലിൽ കഴിയുകയാണ്. 19 കേസുകളിലായി 27 വര്‍ഷം ജയില്‍ശിക്ഷ വിധിക്കപ്പെട്ട സൂ ചിയെ ഈയിടെയാണ് വീട്ടുതടങ്കലിലേക്ക് മാറ്റുന്നത്. സമാധാന നൊബേല്‍ നേടിയിട്ടുള്ള 78 കാരിയായ സൂ ചിക്ക് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.