Latest News
ഇന്ത്യക്കാരായ ടെക്കി ദമ്പതികളെയും മകനെയും അമേരിക്കയിലെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കർണാടക സ്വദേശികളായ ടെക്കി ദമ്പതികളെയും മകനെയും അമേരിക്കയിലെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിലെ മേരിലാൻഡിലുള്ള വസതിയിലാണ് ദമ്പതികളെയും ആറ് വയസുള്ള കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയിട്ടുള്ളത്. കർണാടക ദാവണ്‍ഗര സ്വദേശികളായ യോഗേഷ് (37), ഭാര്യ പ്രതിഭ (35), മകൻ യാഷ് (6) എന്നിവരാണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവരെ മൂന്നുപേരെയും അവസാനമായി കണ്ടതെന്നാണ് സമീപവാസികൾ പറയുന്നത്. ചൊവ്വാഴ്ച രാത്രിയോടെ മരണം നടന്നതായാണ് സംശയിക്കുന്നത്. മൂന്നുപേരുടെയും മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയശേഷമുള്ള റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. പ്രാഥമിക അന്വേഷണത്തിൽ, നാഗരാജപ്പ ഭാര്യയെയും മകനെയും വെടിവെച്ചുകൊന്നശേഷം ജീവനൊടുക്കിയെന്നാണ് സംശയം. ബാൾട്ടിമോർ കൗണ്ടി പോലീസ് വക്താവ് ആന്റണി ഷെൽട്ടൺ ഉദ്ധരിച്ച് ബാൾട്ടിമോർ സൺ ദിനപത്രം ഇങ്ങനെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കർണാടകയിൽ ദാവൻഗെരെ ജില്ലയിലെ ജഗലൂർ താലൂക്കിലെ ഹല്ലേക്കല്ലു ഗ്രാമത്തിൽ നിന്നുള്ള കുടുംബം കഴിഞ്ഞ ഒമ്പത് വർഷമായി അമേരിക്കയിലെ മേരിലാൻഡിലെ ബാൾട്ടിമോറിൽ താമസിച്ചു വരികയായിരുന്നു. മകന്റെ വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വർഷമായെന്ന് യോഗേഷിന്റെ അമ്മ ശോഭ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിരിക്കുന്നത്. വിവാഹം കഴിഞ്ഞ് താമസിയാതെ, ദമ്പതികൾ അമേരിക്കയിലേക്ക് പോവുകയായിരുന്നു. അമേരിക്കയിൽ താമസിക്കുന്ന രണ്ടാമത്തെ മകനാണു വീട്ടിൽ വിളിച്ച് മരണത്തെ പറ്റി അറിയിക്കുന്നതെന്നാണ് ‘അമ്മ ശോഭ പറഞ്ഞിരിക്കുന്നത്. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ബന്ധുക്കൾ അഭ്യർത്ഥിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ഫോൺ ചെയ്തിരുന്നപ്പോൾ പോലും എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി യോഗേഷ് അമ്മയോട് പറഞ്ഞിരുന്നില്ല.