Latest News
ഉമ്മൻചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയെന്ന് അച്ചു ഉമ്മൻ
കോട്ടയം . പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി 53 കൊല്ലം ചെയ്തതെല്ലാം മതിയെന്ന മറുപടിയാണ് ജനം വിധി എഴുത്തിലൂടെ നൽകിയതെന്ന് അച്ചു ഉമ്മൻ. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ചാണ്ടി ഉമ്മന്‍റെ വൻ വിജയം ഉറപ്പായതിന് പിറകെ മാധ്യമങ്ങളോട് അച്ചു ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് അച്ചു ഉമ്മൻ പറഞ്ഞു.
ഉമ്മൻചാണ്ടി പിന്നിൽ നിന്നും നയിച്ച തെരഞ്ഞെടുപ്പാണിതെന്ന് അച്ചു ഉമ്മൻ പറഞ്ഞു. 53 കൊല്ലം ഉമ്മൻചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവർക്കുളള മറുപടി. ഉമ്മൻചാണ്ടി ഇവിടെ ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നൽകിയത്. 53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളം കയ്യിൽ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യിൽ ഭദ്രമായിരിക്കും, അച്ചു ഉമ്മൻ പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സ്വപ്നസമാനമായ കുതിപ്പ് നടത്തുന്ന ചാണ്ടി ഉമ്മൻ യുഡിഎഫ് ക്യാംപുകളിൽ ആവേശം ആണ് നൽകിയത്. ഷാഫി പറമ്പിൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനിടെ ശ്രദ്ധേയമായി. ചാണ്ടി ഉമ്മൻ എംഎൽഎയ്ക്ക് അഭിവാദ്യങ്ങൾ എന്നാണ് ഷാഫി പോസ്റ്റ് ചെയ്തത്. വോട്ടെണ്ണൽ പകുതിയോളം പിന്നിട്ടപ്പോൾ മുതൽ കോൺഗ്രസ് കേന്ദ്രങ്ങളിൽ ആഘോഷം തുടങ്ങി.