Latest News
10 ബില്യൺ ഇടപാടുകൾ നടത്തി ചരിത്രം കുറിച്ച് യുപിഐ, ഇന്ത്യൻ ജനത ഡിജിറ്റൽ പുരോഗതിയുടെ പാതയിൽ
മുംബൈ . ഡിജിറ്റൽ പണമിടപാടിൽ പുത്തൻ റെക്കോർഡ് ഇട്ട് ബഹുദൂരം മുന്നിലേക്ക് ഇന്ത്യയുടെ സ്വന്തം യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് എന്ന യു .പി.ഐ. ഓഗസ്റ്റിൽ മാത്രം യു .പി.ഐ വഴി നടന്നത് പത്ത് ബില്യണിലധികം ഇടപാടുകൾ ആണ്. നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് കണക്കുകൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
ആദ്യമായാണ് ഒരു മാസം യു .പി.ഐ ഇടപാടുകൾ പത്ത് ബില്യൺ( 1000 കോടി) കടക്കുന്നത്. ജൂലൈ മാസത്തിൽ നടന്ന 996.4 കോടി ഇടപാടുകളുടെ റെക്കോഡാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. യുപിഐയുടെ പുതിയ റെക്കോർഡിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തി. ‘ഇതൊരു അസാധാരണ വാർത്തയാണ്! ഇന്ത്യയിലെ ജനങ്ങൾ ഡിജിറ്റൽ പുരോഗതി സ്വീകരിക്കുന്നതിന്റെ തെളിവും അവരുടെ കഴിവുകൾക്കുള്ള ആദരവുമാണിത്. വരും കാലങ്ങളിലും ഈ പ്രവണത തുടരട്ടെ’ എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ശരാശരി 33 കോടി ഇടപാടുകളാണ് ഓഗസ്റ്റിൽ പ്രതിദിനം നടന്നത്. ഇതിലൂടെ മൊത്തം തുക 15.78 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്തത്. ജൂലൈയിലിത് 15.34 ലക്ഷം കോടി രൂപയായിരുന്നു. 2019 ഒക്ടോബറിലാണ് ആദ്യമായി ഇടപാടുകളുടെ എണ്ണം 100 കോടി (1 ബില്യൺ) കടന്നത്. 2021 മാർച്ചിൽ ഇത് 500 കോടിയും 2023 മേയിൽ 900 കോടിയും കവിഞ്ഞിരുന്നു. 57 ശതമാനവും വ്യാപാര ഇടപാടുകളാണ് യുപിഐ വഴി നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് പണരഹിത സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തൊടെ ഡിജിറ്റൽ ഇന്ത്യ മിഷൻ രൂപികരിക്കുന്നത്. ഡിജിറ്റൽ ഇന്ത്യ മിഷന്റെ കീഴിലാണ് യുപിഐ പണമിടപാട് സാധ്യമാക്കിയത്. ലോകബാങ്കും ഐഎംഎഫും ഉൾപ്പടെയുള്ള നിരവധി അന്താരാഷ്‌ട്ര സ്ഥാപനങ്ങൾ യുപിഐയെ ഇതിനകം പ്രശംസിച്ചിരുന്നു. സിംഗപ്പൂർ, മലേഷ്യ, ഭൂട്ടാൻ, നേപ്പാൾ, യു.കെ, റഷ്യ, ഒമാൻ, ഖത്തർ, യൂറോപ്പ് എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ നിലവിൽ യു.പി.ഐ ലഭ്യമാക്കി. ഫ്രാൻസ്, യു.എ.ഇ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ കഴിഞ്ഞാഴ്ചയാണ് യുപിഐ സേവനത്തിന് കീഴിൽ വന്നത്. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുൾപ്പെടെ യു.പി.ഐ വഴി ഈ രാജ്യങ്ങളിൽ ഇടപാടുകൾ ഇപ്പോൾ നടത്താൻ കഴിയും.