Latest News
വാഹനാപകടത്തിൽ മകൻ മരിച്ചതറിഞ്ഞു അധ്യാപികയായ ‘അമ്മ കിണറ്റിൽ ചാടി മരിച്ചു
തിരുവനന്തപുരം വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിനകത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച പി ജി വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി. നെടുമങ്ങാട് മുള്ളൂർക്കോണം അറഫയിൽ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ബുധനാഴ്ച രാവിലെ ജീവനൊടുക്കിയത്. എം വി എസ്സി അവസാന വർഷ വിദ്യാർത്ഥിയായിരുന്ന മകൻ സജിൻ മുഹമ്മദ് (28) ചൊവ്വാഴ്ച ഉച്ചയ്ക്കാണ് വാഹനാപകടത്തിൽ മരണപ്പെടുന്നത്. മകന്റെ മരണത്തിൽ മനംനൊന്താണ് മാതാവ് ജീവനൊടുക്കുന്നത്.
വെറ്ററിനറി സര്‍വകലാശാലയുടെ സെക്യൂരിറ്റി ബിൽഡിങ്ങിന് സമീപം വെച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സജിൻ മുഹമ്മദ് അപകടത്തിൽ പെടുന്നത്. ഗുരുതരമായി പരിക്കേറ്റ സജിന്‍ മുഹമ്മദിനെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകന്റെ മരണ വിവരം അറിഞ്ഞ് സജിന്റെ പിതാവും ബന്ധുക്കളും പൂക്കോട് എത്തിയിരുന്നു. അപകടത്തിൽ വൈത്തിരി പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച ഷീജ ബീഗം നെടുമങ്ങാട് മുള്ളൂർക്കോണം ഗവ. എൽപി സ്കൂൾ അധ്യാപികയാണ്.