Crime
12കാരിയെ നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ 54കാരന് 109 വർഷം കഠിന തടവ്
മലപ്പുറം . പന്ത്രണ്ടുവയസ്സുകാരിയായ പെൺകുട്ടിയെ നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ 54കാരന് 109 വർഷം കഠിനതടവും 90,000രൂപ പിഴയും ശിക്ഷിച്ച് കോടതി. അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ കൊടവങ്ങാട് ആങ്ങാടൻ അബ്ദുൽ റഷീദിനെയാണ് മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ്. രശ്മി 109 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒരുവർഷവും മൂന്നുമാസവും സാധാരണ തടവുകൂടി അനുഭവിക്കണമെന്നും കോടതിയുടെ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
2022 ഓഗസ്റ്റ് മുതൽ പലതവണ പ്രതി കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കുട്ടിയുടെ അധ്യാപിക വിവരമറിയിച്ചതിനെത്തുർന്ന് ചൈൽഡ് ലൈൻ ഇടപെട്ടാണ് മഞ്ചേരി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.
പോക്സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകളിലായി 30 വർഷം വീതം കഠിനതടവും 25,000 രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കിൽ നാലുമാസം വീതം സാധാരണ തടവ്. പോക്സോ ആക്ടിലെ ഒൻപത് (M), ഒൻപത്(N), ഒൻപത് (L) വകുപ്പുകൾ പ്രകാരം ആറുവർഷം വീതം കഠിനതടവ്, 5,000 രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കിൽ ഒരുമാസംവീതം സാധാരണ തടവ്. കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഒരു വർഷത്തെ കഠിനതടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ തീരുമാനിച്ചിരിക്കുന്നത്.