Latest News
മുൻ കേന്ദ്ര സർക്കാർ ഗുജറാത്തിന്റെ പുരോഗതി രാഷ്‌ട്രീയത്തിന്റെ കണ്ണടകളിലൂടെ മാത്രമാണ് കണ്ടത് -നരേന്ദ്ര മോദി
അഹമ്മദാബാദ് . മുൻ കേന്ദ്ര സർക്കാർ ഗുജറാത്തിന്റെ പുരോഗതി രാഷ്‌ട്രീയത്തിന്റെ കണ്ണടകളിലൂടെ മാത്രമാണ് കണ്ടതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. അവർ ഒരിക്കലും സഹകരിച്ചില്ല എന്നു മാത്രമല്ല, വഴി തടയാനും ശ്രമിച്ചു – മോദി പറഞ്ഞു.
വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ 20-ാമത് എഡിഷൻ അഹമ്മദാബാദിലെ സയൻസ് സിറ്റിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2003-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി ആരംഭിച്ചതാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റ്. പദ്ധതി ഗുജറാത്തിൽ ഉണ്ടാക്കിയ നേട്ടങ്ങളും സാധ്യതകളും ലോകത്തിന് പരിചയപ്പെടുത്തുകയാണ് 20-ാമത് ഉച്ചകോടി. പദ്ധതിയുമായി മുന്നോട്ട് പോയപ്പോൾ നേരിടേണ്ടി വന്ന പ്രതിസന്ധികളെപ്പറ്റി പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെ.
‘മുൻ കേന്ദ്ര സർക്കാർ ഗുജറാത്തിന്റെ പുരോഗതി രാഷ്‌ട്രീയത്തിന്റെ കണ്ണടകളിലൂടെ മാത്രമാണ് കണ്ടത്. പദ്ധതി ആരംഭിച്ച കാലത്ത് കേന്ദ്രം ഭരിക്കുന്ന യുപിഎ സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു സഹകരണവും ലഭിച്ചില്ല. കേന്ദ്രമന്ത്രിമാർ പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചു ഗുജറാത്തിൽ നിക്ഷേപം നടത്തരുതെന്ന് വിദേശ നിക്ഷേപകരെ ഭീഷണിപ്പെടുത്തി.
എന്നാൽ, നിക്ഷേപകർ വന്നു. അവർക്ക് ഒരു പ്രോത്സാഹനവും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. നല്ല ഭരണവും വളർച്ചയുടെ തുല്യ വിതരണവും സുതാര്യമായ ഒരു ഗവൺമെന്റും ഉള്ളതുകൊണ്ട് മാത്രമാണ് വിദേശ നിക്ഷേപകർ ഗുജറാത്തിലേയ്‌ക്ക് എത്തിയത്.’ മോദി പറഞ്ഞു.