Crime

175 പവനും 40 ലക്ഷവും രണ്ട് ഏക്കര്‍ ഭൂമിയും സ്ത്രീധനം പോരാ, യുവതിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്

Published

on

തിരുവനന്തപുരം . 175 പവനും 40 ലക്ഷവും രണ്ട് ഏക്കര്‍ ഭൂമിയും സ്ത്രീധനം നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് യുവതിയെ മാനസികമായി പീഡിപ്പിച്ചു വന്ന യുവാവിനെതിരെ കേസെടുത്ത് വിഴിഞ്ഞം പോലീസ്. സ്ത്രീധനമായി വലിയൊരു തുക കൈപ്പറ്റി വിവാഹം കഴിച്ച യുവാവ്, വീണ്ടും സ്ത്രീധനത്തിന്റെ പേരില്‍ ഇരുപത് ദിവസം മാത്രം ഒരുമിച്ച് കഴിഞ്ഞ ഭാര്യയെ ഉപേക്ഷിക്കുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ വിഴിഞ്ഞം പോലീസ് ഇതോടെ കേസെടുത്തു.

തമിഴ്‌നാട് മാര്‍ത്താണ്ഡം വിളവംകോട് മഹാത്മജി ഹൗസില്‍ ഐശ്വര്യയുടെ പരാതിയില്‍ വെണ്ണിയൂര്‍ നെല്ലിവിളയില്‍ റോണി (28) നെതിരെയാണ് സ്ത്രീധന നിരോധന നിയമ പ്രകാരം വിഴിഞ്ഞം പോലീസ് കേസെടുത്തിരിക്കുന്നത്. 2022 ഒക്ടോബര്‍ 31 നായിരുന്നു റോണിയും ഐശ്വര്യയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഉപരിപഠന ശേഷം സിവില്‍ സര്‍വീസ് കോച്ചിംഗ് ക്ലാസില്‍ പോകുന്ന യുവാവിന് 175 പവന്റെ ആഭരണവും 40 ലക്ഷം രൂപ സ്ത്രീധനകാശ് ആയും രണ്ട് ഏക്കര്‍ വസ്തുവും സ്ത്രീധനം നല്‍കിയതായി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

വിവാഹ ദിവസം തന്നെ 155 പവന്റെ ആഭരണം യുവാവിന്റെ മാതാവ് ലോക്കറില്‍ വയ്‌ക്കാനെന്ന് പറഞ്ഞ് വാങ്ങി എടുത്തു. വിവാഹശേഷവും സിവില്‍ സര്‍വീസ് കോച്ചിംഗിന് തിരുവനന്തപുരത്ത് തങ്ങി നിന്ന് പഠിക്കുന്ന റോണിയുമായി ഇരുപത് ദിവസത്തെ ബന്ധം മാത്രമാണുള്ളതെന്ന് യുവതി വിഴിഞ്ഞം പോലീസില്‍ മൊഴി നല്‍കി. ഇതിനിടയില്‍ സ്ത്രീധനമായി നല്‍കിയ രണ്ട് ഏക്കര്‍ വസ്തു വില്‍ക്കണമെന്നും യുവതിയുടെ കുടുംബ ഷെയറില്‍ ബാക്കിയുള്ള വസ്തുവിന്റെ പകുതിയും വീടും വേണമെന്നും റോണി ആവശ്യപ്പെടുകയാണ് ഉണ്ടായത്.

സ്ത്രീധനകാശ് ആയി വാങ്ങിയ നാല്പത് ലക്ഷം രൂപയ്‌ക്ക് യുവാവിന്റെ വീടും വസ്തുവും രണ്ടുപേരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയും നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ യുവതിയെ വീട്ടില്‍ കൊണ്ടാക്കിയ റോണി തുടർന്ന് തിരിഞ്ഞ് നോക്കിയിട്ടില്ല. ഒടുവില്‍ ഒരുമിച്ച് താമസിക്കാന്‍ തയ്യാറല്ലെന്നറിയിച്ച റോണി വിവാഹ മോചനം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം സ്‌റ്റേഷനില്‍ എത്തിയ ഐശ്വര്യയും ബന്ധുക്കളും വിട്ടുവീഴ്ചയ്‌ക്ക് തയ്യാറായെങ്കിലും റോണിയും വീട്ടുകാരും വഴങ്ങാൻ കൂട്ടാക്കിയില്ല. അനുനയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ വൈകുന്നേരം സ്ത്രീധന പീഡനത്തിന് വിഴിഞ്ഞം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐശ്വര്യ ബെംഗളൂരുവില്‍ രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version