Latest News
വീണ്ടും കുതിച്ച് റെയിൽവേ, 9 വന്ദേ ഭാരത് കൂടി ട്രാക്കിലേക്ക്, കേരളത്തിലേക്കും ഉടൻ
ചെന്നൈ . കേരളത്തിനായി അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിക്കാനിരിക്കെ വിവിധ സംസ്ഥാനങ്ങളിലായി ഒൻപത് റൂട്ടുകളിൽ കൂടി വന്ദേ ഭാരത് എക്സ്പ്രസ് അനുവദിക്കുകയാണ് റെയിൽവേ. ജൂലൈ ഏഴിനായിരുന്നു വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. രണ്ടുമാസത്തെ ഇടവേളക്ക് ശേഷം ഒൻപത് റൂട്ടുകളിൽ കൂടി വന്ദേ ഭാരത് എക്സ്പ്രസ് എത്തുകയാണ്. കേരളത്തിന് അനുവദിക്കുന്ന വന്ദേ ഭാരത് ട്രെയിനിൻ്റെ റൂട്ട് സംബന്ധിച്ച് വ്യക്തതയും ഇതോടൊപ്പം ഉണ്ടാവും.
കേരളത്തിൽ നിലവിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനിന് 16 കോച്ചുകളാണുള്ളത്. എന്നാൽ പുതുതായി പുറത്തിറങ്ങുന്ന ട്രെയിനുകളെല്ലാം എട്ട് കോച്ചുകളുള്ളവയായിരിക്കും ഉണ്ടാവുക. ഓട്ടം തുടങ്ങി യാത്രക്കാരുടെ വർധന അനുസരിച്ച് കോച്ചുകളുടെ എണ്ണം കൂട്ടും. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ട്രെയിനുകൾ പുറത്തിറക്കാനുള്ള റെയിൽവേയുടെ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ട്രെയിനുകളുടെ നിർമാണം.
ഈ വർഷം ഓഗസ്റ്റോടു കൂടി മൊത്തം 75 വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കാനാണ് റെയിൽവേ പദ്ധതിയിട്ടിരുന്നത്. നിലവിൽ 25 റൂട്ടുകളിലാണ് വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത്. വൈദ്യുതീകരിച്ച റെയിൽവേ ലൈനുകളുള്ള സംസ്ഥാനങ്ങളിലെല്ലാം ഇപ്പോൾ വന്ദേ ഭാരത് ഓടുന്നുണ്ട്. കേരളത്തിന് അനുവദിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസ് മംഗലാപുരം – എറണാകുളം റൂട്ടിലോ മംഗലാപുരം – കൊച്ചുവേളി റൂട്ടിലോ സർവീസ് നടത്തുമെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ.
പുതിയതായി അനുവദിക്കുന്നതിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെസ്റ്റേൺ റെയിൽവേക്കും ഒരു വന്ദേ ഭാരത് അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റ് റെയിൽവേ സോണുകൾക്കും തുല്യമായ പരിഗണന ഉണ്ടാവും. മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ ട്രെയിനുകൾ എത്താനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരം ഒന്നും ഉണ്ടായിട്ടില്ല. ട്രെയിനുകൾ എന്നാണ് ഫ്ലാഗ് ഓഫ് ചെയ്യുക എന്നതു സംബന്ധിച്ചും വ്യക്തത ഉണ്ടായിട്ടില്ല. 2024 തുടക്കത്തിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒഡിഷയിലെ പുരിയെയും റൂർക്കലയെയും ബന്ധിപ്പിച്ചും പുതിയ വന്ദേ ഭാരത് എത്തിയേക്കും.
‘ഏകാഗ്ര ബുദ്ധിക്കേ ആനന്ദം കിട്ടൂ. ബാഹ്യസമ്പത്തുകളും മമതാ ബന്ധങ്ങളും ഒരിക്കലും ഏകാഗ്രത നേടിത്തരില്ല’ – ശ്രീ നാരായണ ഗുരു