Culture
‘മിത്ത്’ വിവാദത്തിന് പിറകെ വിശ്വാസികൾക്ക് ഗണപതി ഭഗവാനോടുള്ള ആരാധനയും പ്രിയവും വിശ്വാസവും വർധിച്ചു,
തിരുവനന്തപുരം . ‘മിത്ത്’ വിവാദത്തിന് പിറകെ കേരളത്തിലെ ഹൈന്ദവ വിശ്വാസികൾക്ക് ഗണപതി ഭഗവാനോടുള്ള ആരാധനയും പ്രിയവും വിശ്വാസവും ഏറി. സ്പീക്കർ ഉയർത്തിയ വിവാദത്തിന്റെ കെടുതികൾ ഇനിയും കെട്ടടങ്ങാതിരിക്കെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ ഗണപതി ഹോമം വിപുലമായി നടക്കുകയാണ്. ആഘോഷം വിപുലമാക്കാൻ ഇതിനായി ദേവസ്വം ബോർഡ്
പ്രത്യേക നിർദേശം നൽകിയിരുന്നു എന്നതും എടുത്ത് പറയേണ്ടതായുണ്ട്.
ക്ഷേത്രങ്ങളിൽ ഗണപതി ഹോമത്തിന് വൻ ബുക്കിങ് ആണ് ഉണ്ടായിരിക്കുന്നത്. സാധാരണ ഇത്തരം ദിവസങ്ങളിൽ ലഭിക്കുന്ന ഗണപതിഹോമം ബുക്കിങ്ങിന്റെ മൂന്നിരട്ടി ബുക്കിങ് ഇതുവരെ ലഭിച്ചിരിക്കുകയാണ്. ആഗസ്റ്റ് 20-ന് നടക്കുന്ന വിനായക ചതുർഥി കഴിഞ്ഞ് രണ്ട് ദിവസത്തിനകം പൂർണമായ കണക്കുകൾ കിട്ടും.
ശബരിമല ഒഴികെ ദേവസ്വം ബോർഡിന്റെ 1254 ക്ഷേത്രങ്ങളിലും വിശേഷാൽ ഗണപതിഹോമം നടക്കുന്നുണ്ട്. ഗണപതി ഹോമം നിർബന്ധമാക്കിയ ഉത്തരവിലും പുതുമ കാണുന്നുണ്ട്. ഗണപതിക്ഷേത്രങ്ങളിൽ ഹോമം നടത്തുന്ന പതിവുണ്ട്. വിനായകചതുർഥിക്ക് കൂടുതൽ വിശാലമായി നടത്തുകയും ചെയ്യാറുണ്ട്. ബോർഡിൽ നിന്നും പ്രത്യേക ഉത്തരവ് ഇതുവരെ ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇക്കുറി വിശ്വാസികളെ ആകെ അതിശയിപ്പിക്കുമാറ് എല്ലാ ക്ഷേത്രങ്ങളിലും ഗണപതി ഹോമം നടത്തണമെന്ന് ഉത്തരവിലൂടെ നിർബന്ധമാക്കിയിരിക്കുകയാണ്.